ദുബായ്: ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി ‘കൂളാ’യി യാത്ര തുടരാം. ഇവർക്കായി ശീതികരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം, സുരക്ഷ, വിശ്രമം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് എസി വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
ഡെലിവറി ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ആർടിഎ പ്രതിജ്ഞാബദ്ധമാണ്. വാഹനാപകടങ്ങൾ മൂലമുള്ള മരണ നിരക്ക് പൂജ്യത്തിലേയ്ക്ക് കൊണ്ടുവന്ന് ദുബായിയെ ഗതാഗത സുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ആകെ 40 കേന്ദ്രങ്ങളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഇവയിൽ 20 എണ്ണത്തിന്റെ നിർമാണമാണ് പൂർത്തിയായത്.
ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ്, കരാമ , റിഗ്ഗറ്റ്, അൽ ബുത്തീൻ, ഉമ്മു സുഖീം(ജുമൈറ 3),ജുമൈറ (അൽ വാസൽ റോഡ്), ദ ഗ്രീൻസ്, വേൾഡ് ട്രേഡ് സെന്റർ, അൽ റാഷിദിയ, അൽ സത്വവ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മെത്ഹ്, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, ദുബായ് മറീന, അൽ ജദ്ദാഫ്, മിർദിഫ്, അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, ഗർഹൂദ് എന്നീ മേഖലകളിലാണ് ശീതികരിച്ച വിശ്രമ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും പത്തോളം പേർക്കുള്ള ഇടം, കുടിവെള്ളം, ലഘു ഭക്ഷണം കിട്ടുന്ന വെൻഡിങ് മെഷീൻ, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷൻ എന്നിവ ഉണ്ടാകും. മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.