ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി (സെറ) തെക്കൻ പ്രദേശങ്ങളിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വൈദ്യുതി മുടക്കം ബാധിച്ച എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പൂർണമായി പുനഃസ്ഥാപിച്ചതായി അറിയിച്ചു.
ഈ തകരാറിന് പിന്നിലെ മൂലകാരണങ്ങൾ കണ്ടെത്തുന്നതിന് സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താൻ സെറ ഡയറക്ടർ ബോർഡ് സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെ ഡയറക്ടർ ബോർഡിന് നിർദ്ദേശം നൽകി. കൂടാതെ വൈദ്യുതി മുടക്കത്തിന് കാരണമായ സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ കണ്ടെത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സമാന സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് സെറ ബോർഡ് ഊന്നിപ്പറഞ്ഞു.
രാജ്യത്തുടനീളം ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ വൈദ്യുതി സേവനം നൽകുന്നതിന് വൈദ്യുതി മേഖലയുടെ പ്രകടനത്തിന് മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിന്‍റെ പ്രധാന ഭാഗമാണ് തങ്ങളുടെ ശ്രമങ്ങളെന്ന് ബോർഡ് വീണ്ടും ഉറപ്പിച്ചു.തെക്കൻ പ്രദേശങ്ങളായ ജിസാൻ, അസീർ, നജ്‌റാൻ എന്നിവിടങ്ങളിൽ ശനിയാഴ്ച പെട്ടെന്ന് വൈദ്യുതി മുടങ്ങി. ആ പ്രദേശങ്ങളിലെ പവർ സ്റ്റേഷനുകൾ പെട്ടെന്ന് അടച്ചുപൂട്ടിയതാണ് തകരാറിന് കാരണമെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി അറിയിച്ചു.