ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ സമാധാനം കെടുത്തുക മാത്രമല്ല, വ്യാപാര, വാണിജ്യ മേഖലകൾക്കു കൂടിയാണ് തിരിച്ചടിയാകുന്നത്.
മേഖലയിൽ ശാശ്വത സമാധാനം എന്നത് എല്ലാ ഗൾഫ് രാജ്യങ്ങളുടെയും ആവശ്യമാണ്. അതിനു വേണ്ടിയാണ്, എല്ലാ ഭിന്നതകളും മറന്ന് ഇസ്രയേലുമായും ഇറാനുമായും നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്ന ഒത്തുതീർപ്പിലേക്ക് ഗൾഫ് രാജ്യങ്ങൾ കടന്നത്. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു പുനരാരംഭിച്ച ഇസ്രയേൽ ബന്ധത്തിനു മേൽ നിഴൽ വീഴ്ത്തുന്ന നടപടികളാണ് പിന്നീട് ഉണ്ടായത്. മേഖലയിലെ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് രാജ്യങ്ങളെയാണ്. ടൂറിസം , വ്യോമ ഗതാഗത മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ ഇടിവാണ് യുദ്ധം വരുത്തിവയ്ക്കുന്നത്. യൂറോപ്യൻ, അമേരിക്കൻ, യാത്രികർക്ക് ഇടത്താവളമൊരുക്കി കരുത്താർജിച്ച ഗൾഫിലെ വ്യോമ ഗതാഗത മേഖലയാണ് സംഘർഷത്തിന്റെ ആദ്യ തിരിച്ചടി നേരിട്ടത്.
സംഘർഷവും യുദ്ധവും ഭയന്ന് പലരും വ്യോമപാത തിരിച്ചുവിട്ടത് ഗൾഫ് രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളെയാണ് നേരിട്ടു ബാധിക്കുന്നത്. മധ്യ പൗരസ്ത്യ രാജ്യങ്ങൾ സംഘർഷഭരിതമാണെന്ന വാർത്തകൾ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെയും ബാധിക്കും. ടൂറിസം മുഖ്യ വരുമാന മാർഗമായി കാണുന്ന യുഎഇ,ഒമാൻ , ഖത്തർ, സൗദി എന്നീ രാജ്യങ്ങളിലാണ് ഇതിന്റെ തുടർ ചലനങ്ങൾ പ്രകടമാകുന്നത്.
ഏതു വിധേനയും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരിക എന്നത് ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപിത നയമാണ്. ഒരുതരത്തിലും സംഘർഷം പടർത്തുന്ന ഒരു തീരുമാനവും സ്വീകരിക്കില്ലെന്ന നിലപാടും വിദേശകാര്യ നയത്തിൽ ഈ രാജ്യങ്ങൾ സ്വീകരിക്കുന്നു. ഈ ശ്രമങ്ങൾക്കു കരുത്തു പകരാൻ ഡോണൾഡ് ട്രംപിന്റെ മടങ്ങി വരവ് സഹായിക്കുമെന്നാണ് ഗൾഫ് മേഖലയുടെ പ്രതീക്ഷ.
യുക്രെയ്ൻ – റഷ്യ യുദ്ധം 24 മണിക്കൂറിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ട്രംപ് നടത്തിയിരുന്നത് ശ്രദ്ധയോടെയാണ് ലോക രാജ്യങ്ങൾ കേട്ടത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ സംഘർഷവും അതിവേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തന്റെ ഭരണകാലത്ത് യുദ്ധങ്ങൾ ഉണ്ടാകില്ലെന്നും സമാധാനമാണ് മാർഗമെന്ന് ട്രംപ് പറഞ്ഞതും ഗൾഫ് രാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ തന്നെയാണ്.
തിരഞ്ഞെടുപ്പു വാഗ്ദാനമായി ട്രംപ് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാൽ, മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ യുദ്ധം അവസാനിക്കും. ഏതു വികസന പദ്ധതി നടപ്പാക്കാനും മേഖലയിലെ സമാധാന അന്തരീക്ഷം സുപ്രധാനമാണ് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ച വൻകിട പദ്ധതികളുടെയെല്ലാം ഭാവി മേഖലയിലെ സമാധാനത്തെ ആശ്രയിച്ചാണിരിക്കുന്നത്.