2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിനു പ്രധാന കാരണം കയറ്റുമതി കേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയെ പോലെ ആഗോള വിപണിയുമായി നാം അത്രയേറെ ബന്ധിതമല്ല എന്നതാണ്. അതേ സമയം 2008ലെ മാന്ദ്യം മൂലം ശക്തമായ തിരിച്ചടി നേരിട്ട രാജ്യമാണ് ചൈന. അതില്‍ നിന്ന് കരകയറാന്‍ ഇന്ത്യയില്‍ നിന്നാണ് ചൈന പാഠങ്ങള്‍ ഉള്‍ക്കൊണ്ടത് എന്നതാണ് കൗതുകകരമായ വസ്‌തുത.
പ്രധാനമായും ആഭ്യന്തര ഉപഭോഗത്തെ ആശ്രയിച്ചാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ നിലകൊള്ളുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വസ്‌തുക്കളുടെ പ്രധാന ഉപഭോക്താക്കള്‍ നാം തന്നെയാണ്. അത് മനസിലാക്കിയ ചൈന കയറ്റുമതിയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന അതുവരെയുള്ള അവരുടെ രീതി മാറ്റി. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ ചൈനയ്‌ക്ക് അകത്തു തന്നെയുള്ള വിപണിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ അവര്‍ ശ്രമം തുടങ്ങി. ഗണ്യമായ തൊഴില്‍ സൃഷ്‌ടിയിലൂടെയും വരുമാന വര്‍ധനയിലൂടെയും അതിനുള്ള പശ്ചാത്തലം അവര്‍ ഒരുക്കി. ഇന്ന് ചൈന ലോകത്തിന്റെ `മാനുഫാക്‌ചറിംഗ് ഹബ്’ മാത്രമല്ല ലോകത്തിലെ ഏറ്റവും ശക്തമായ ഉപഭോഗം നടക്കുന്ന വിപണികളിലൊന്ന് കൂടിയാണ്. ഉദാഹരണത്തിന് ആപ്പിള്‍ ഫോണുകളുടെ രണ്ടാമത്തെ വലിയ വിപണി ചൈനയാണ്.
ഈ മാറ്റം നിശബ്‌ദമായിട്ടായിരുന്നു. പ്രഖ്യാപനങ്ങളോ ബഹളങ്ങളോ ഇല്ലാതെയുള്ള പരിവര്‍ത്തനം. അത് അവര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി.
ഇപ്പോള്‍ ഈ കോവിഡ് കാലത്ത് ചൈനയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഊഴമാണ് നമുക്ക് കൈവന്നിരിക്കുന്നത്. ഇപ്പോള്‍ ഉല്‍പ്പാദന മേഖലയില്‍ നമ്മുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഒച്ചപ്പാടും കൊട്ടിഘോഷവും ആവശ്യമില്ല. ചൈനയ്‌ക്കെതിരായ അമിത വാക്‌ധോരണികളാണ് അവരെ പലപ്പോഴും സൈനിക അതിക്രമങ്ങള്‍ക്ക് വരെ വഴിവെക്കുന്ന പ്രകോപനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഉല്‍പ്പാദന മേഖലയില്‍ മുന്നോട്ടു പോകാന്‍ ചൈനയില്‍ നിന്നും പലതും പഠിക്കേണ്ടതുണ്ട്. ഒപ്പം ചൈനയില്‍ നിന്ന് നമുക്ക് അതേ പടി പകര്‍ത്താനാകാത്ത കാര്യങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും അധ്വാനിയായ തൊഴിലാളി ചൈനക്കാരനാണെന്ന് സാമാന്യമായി പറയാം. പക്ഷേ അമിതമായ അധ്വാനത്തിന് അവന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യം കൂടി ചൈനയിലുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം പ്രമാണ പുസ്‌തകത്തില്‍ ആത്യന്തിക ലക്ഷ്യമായി എഴുതി വെച്ചിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യത്തിന്‍ കീഴിലാണ് ചൈനയെങ്കിലും ഏറ്റവും മോശമായ തൊഴില്‍ നിയമങ്ങളുള്ള രാജ്യം കൂടിയാണ് അത്. തൊഴിലാളിയുടെ അവകാശത്തിന് വലിയ വിലയൊന്നും കല്‍പ്പിക്കാത്ത, അവനെ പതിനാലും പതിനഞ്ചും മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന നിയമ സംവിധാനമാണ് അവിടെയുള്ളത്. ഒളിമ്പിക്‌സില്‍ ഒന്നാമത് എത്താന്‍ വളരെ ചെറുപ്പത്തിലേ കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് പൂര്‍ണമായി പറിച്ചു നട്ട് അവരുടെ വ്യക്തിമൂല്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ കായിതാരങ്ങളായ യന്ത്രങ്ങളെ പോലെ വളര്‍ത്തിയെടുക്കുകയാണ് ചൈന ചെയ്‌തത്. അവിടെ ഒരു ജനാധിപത്യ രാജ്യത്തുള്ളതു പോലെ മനുഷ്യാവകാശമോ തൊഴില്‍ നിയമങ്ങളോ മാനുഷിക പരിരക്ഷയോ പ്രതീക്ഷിക്കുന്നത് തന്നെ അധികപറ്റാണ്.
വികസനത്തിന്റെ ഈ വികൃതമായ അണിയറ അതേ പടി ഇവിടെ ഒരുക്കുകയല്ല വേണ്ടത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭേദഗതി ചെയ്‌തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വന്‍കിട നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം ഭേദഗദികള്‍ ആവശ്യമാണ് എന്ന വാദം സര്‍ക്കാര്‍ അനുകൂലികളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ഏകാധിപത്യ രാജ്യമായ ചൈനയെ മാതൃകയാക്കുകയല്ല, ജനാധിപത്യ രാജ്യങ്ങളുടെ രീതി നിലനിര്‍ത്തുകയാണ് ചെയ്യേണ്ടത്. അതിന് അര്‍ത്ഥം കേരളത്തിലെ പോലെ വ്യവസായ വിരുദ്ധമായ രാഷ്‌ട്രീയ-സാമൂഹിക അന്തരീക്ഷം മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുവരണം എന്നല്ല. തൊഴില്‍ സമയം, വേതനം, മറ്റ് പരിരക്ഷകള്‍ എന്നിവയുടെ കാര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള പ്രാഥമികമായ അവകാശം നിലനിര്‍ത്തുക എന്നത് ആരോഗ്യകരമായ വികസന സംസ്‌കാരത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.