മുംബൈ: എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. പൂനെയില്‍ വെച്ചാണ് ഒളിവിലായിരുന്ന പ്രതി പ്രവീണ്‍ ലോങ്കറിനെ (28) അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു. മറ്റ് അന്വേഷണങ്ങള്‍ പുരോഗതിയിലാണ്.
നേരത്തെ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാന സ്വദേശി ഗുര്‍മെയില്‍ സിങ്ങിനെ ഈ മാസം 21 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ മറ്റൊരു പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ധരംരാജ് കശ്യപിന്റെ പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന് ശേഷം ധരംരാജിന്റെ കസ്റ്റഡി ആവശ്യത്തില്‍ തീരുമാനം എടുക്കും. ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ നാലാം പ്രതിയുടെ പേര് പുറത്തുവന്നു. മുഹമ്മദ് സീഷാന്‍ അക്തറാണ് നാലാം പ്രതി.
അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി ഗുണ്ട സംഘം ഏറ്റെടുത്തിരുന്നു. തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലാണ് മൂന്ന് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്.