ദോഹ : ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. അമീരി ഓർഡർ 2/ 2024 ലൂടെയാണ് അമീർ പുതിയ മന്ത്രിമാരെ നിയമിച്ചത്. വാണിജ്യ-വ്യവസായം , പൊതുജനാരോഗ്യം, വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസം, ഗതാഗതം, സാമൂഹിക ക്ഷേമം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുനഃസംഘടിപ്പിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിലവിലെ അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ നിയമിച്ചു. ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയായിരുന്നു ഇതുവരെ ഉപപ്രധാനമന്ത്രി, പ്രതിരോധ സഹമന്ത്രി പദവി വഹിച്ചിരുന്നത്. പുതിയ അമിരി ദിവാൻ ചീഫായി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ മറ്റൊരു ഉത്തരവിലൂടെ അമീർ നിയമിച്ചു.
പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ മാറ്റിയാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) സിഇഒ ആയ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിനെ പുതിയ പൊതുജനാരോഗ്യ മന്ത്രിയായി നിയമിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യന്തര സഹകരണ സഹമന്ത്രി പദവി വഹിച്ചിരുന്നു ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ പുതിയ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രിയായി നിയമിച്ചു.
പുതിയ മന്ത്രിമാർ – വകുപ്പുകൾ
∙ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി (ഉപപ്രധാനമന്ത്രി, പ്രതിരോധ സഹമന്ത്രി)
∙ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി (സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി)
∙ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ (വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി)
∙മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് (പൊതുജനാരോഗ്യ മന്ത്രി)
∙ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി (വാണിജ്യ, വ്യവസായ മന്ത്രി)
∙ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി (ഗതാഗത മന്ത്രി)
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മുൻപാകെ അമീരി ദിവാനിയിൽ നടന്നു. ചടങ്ങിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി തുടങ്ങിയവർ പങ്കെടുത്തു.