ദോഹ : സ്വകാര്യമേഖലയിലെ വാണിജ്യ നിയന്ത്രണ മന്ത്രാലയമായ ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ-താനി പ്രഖ്യാപിച്ചതനുസരിച്ച്, അംഗത്വ ഫീസ് ഉടൻ കുറയ്ക്കും. ഈ നീക്കം പ്രവാസികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയ്ക്ക് ആശ്വാസമാകും. രാജ്യത്ത് വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തർ സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റ് ചെയ്ത കമ്പനികൾ, ഹോൾഡിംഗ് കമ്പനികൾ, രാജ്യത്തെ കരാറുകളിൽ ഉൾപ്പെട്ട വിദേശ കമ്പനികൾ എന്നിവയ്ക്ക് അംഗത്വ ഫീസിൽ 50 ശതമാനം കുറവ് വരുത്തും. ഇതോടെ നേരത്തെ ഉണ്ടായിരുന്ന 10000 ഖത്തർ റിയാലിൽ നിന്നും പുതിയ ഫീസ് QAR 5,000 ആയും പുനർ നിശ്ചയിക്കും.
കൂടാതെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ചെറുകിട കമ്പനികളുടെ വാർഷിക അംഗത്വ ഫീസ് 500 ഖത്തർ റിയാൽ ആയി കുറയ്ക്കാനും തീരുമാനമുണ്ട്. വൻകിട ബഹുരാഷ്ട്ര കമ്പനികൾ ഒഴിച്ച് മറ്റു കമ്പനികളെല്ലാം ചെറുകിട സ്ഥാപനങ്ങളായി കണക്കാക്കാൻ സർക്കാർ തീരുമാനിച്ചതും ആശ്വാസകരമാണ്. ഓതന്റിക്കേഷൻ, സർട്ടിഫിക്കേഷൻ സേവനങ്ങളുടെ ഫീസ് QAR 50 ആയി തുടരുന്നതാണ്. 1990-ലെ നിയമ നമ്പർ 11 പ്രകാരം ഈ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും (QNA- ഖത്തർ ന്യൂസ് ഏജൻസി) റിപ്പോർട്ട് ചെയ്തു.