കോവിഡ് കാലത്ത് ഭരണകൂടങ്ങള്‍ ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുന്നതായും ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഹരാരിയുടെ നാടായ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡിന്റെ മറവില്‍ കാണിക്കുന്ന ഏകാധിപത്യ പ്രവണതകള്‍ ഉദാഹരണമായി അദ്ദേഹം എടുത്തു പറയുന്നു. ഇന്ത്യയിലും അത്തരം പ്രവണതകള്‍ പ്രകടമാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള ശ്രമം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ മുപ്പത് മിനുട്ട് നേരത്തെ ചോദ്യോത്തര വേള അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് അപര്യാപ്‌തമാണ്.
പാര്‍ലമെന്റ് സമ്മേളനത്തിലെ ആദ്യത്തെ ഒരു മണിക്കൂറാണ് സാധാരണ ചോദ്യത്തോര വേള. സമ്മേളനത്തിലെ ഏറ്റവും സജീവമായ സെഷന്‍ ആണിത്. മുന്‍കാലങ്ങളില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ചോദ്യോത്തര വേള ഒഴിവാക്കപ്പെട്ടിട്ടുള്ളത്. യുദ്ധകാലങ്ങളിലും അടിയന്തിരാവസ്ഥ കാലത്തുമാണ് ഇത് സംഭവിച്ചത്. ഇത്തവണ കോവിഡിന്റെ മറവില്‍ ചോദ്യോത്തര വേള അരമണിക്കൂറായി വെട്ടിച്ചുരുക്കപ്പെട്ടു. കോവിഡിന്റെ പേരില്‍ നടക്കുന്ന വെട്ടിച്ചുരുക്കലുകള്‍ ഭരണകൂടത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നു.
തീവ്രവലതുപക്ഷ രാഷ്‌ട്രീയ ശക്തികള്‍ നയിക്കുന്ന ഭരണകൂടങ്ങളാണ് തങ്ങള്‍ക്ക് പിടിമുറുക്കുന്നതിനായി ജനാധിപത്യ അവകാശങ്ങളില്‍ ചിലതൊക്കെ എടുത്തുകളയുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ ഭരണകൂടത്തിന്റെ കൈകള്‍ സര്‍വ ഭരണഘടനാ സ്ഥാപനങ്ങളിലേക്കും നീളുന്നു എന്ന വിമര്‍ശനം ശക്തമാണ്. കോവിഡിന്റെ മറവില്‍ അധികാരത്തിന്റെ ഈ ദുഷിച്ച പ്രയോഗം കൂടുതല്‍ വ്യാപകമാകുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിലെ സുപ്രധാന സെഷനാണ് ചോദ്യോത്തര വേള. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് ഈ കോവിഡ് കാല പ്രതിസന്ധിയുടെ സമയത്ത് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഈ ചോദ്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രതിപക്ഷമാണ് പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ടത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ബാലന്‍സിംഗ് നടക്കുന്നത് പ്രതിപക്ഷത്തിന്റെ സജീവമായ ഇടപെടലിലൂടെയാണ്. ജനം തിരഞ്ഞെടുത്ത് അയക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും ഭരണകൂടം അന്യായമായി പെരുമാറുന്ന രീതിയിലേക്ക് വഴിമാറുമ്പോള്‍ ജനമനസിന്റെ പ്രതീകമായി പ്രതിപക്ഷം മാറുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്കു വേണ്ടി ഭരണകൂടത്തെ ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്തമാണ് അത്തരം വേളകളില്‍ പ്രതിപക്ഷത്തിനുള്ളത്. പാര്‍ലമെന്റിലെ ചോദ്യത്തോര വേള വെട്ടിക്കുറക്കപ്പെടുമ്പോള്‍ ജനങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശത്തെയാണ് ലഘൂകരിക്കുന്നത്.
പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ റെക്കോഡ് നമ്മുടെ രാജ്യത്തിനാണ്. ലോക്‌ഡൗണ്‍ കാലമായിരുന്ന ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സാമ്പത്തിക തളര്‍ച്ചയില്‍ ലോകത്തു തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്തുകൊണ്ട് കോവിഡിനെ നേരിടുന്നതിലും സാമ്പത്തിക സ്ഥിതി വഷളാകുന്നത് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ചോദ്യം ജനങ്ങളുടെ നാവിന്‍തുമ്പിലുണ്ട്. അതുപോലെ വേറെയുമുണ്ട് ഉത്തരങ്ങള്‍ കിട്ടേണ്ട ചോദ്യങ്ങള്‍. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ എന്തുകൊണ്ട് ഇന്ത്യ പരാജയപ്പെട്ടുവെന്നും ചൈനീസ് ഭരണകൂടത്തെ മോദി എന്തിന് അമിതമായി വിശ്വസിച്ചുവെന്നുമുള്ള ചോദ്യം അത്തരമൊന്നാണ്. ഇതിനൊന്നും ഇതുവരെ തൃപ്‌തികരമായ വിശദീകരണം കേന്ദ്രം നല്‍കിയിട്ടില്ല. ഈ ചോദ്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രതിപക്ഷത്തിന്റെ വായിലൂടെയാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടത്. ചോദ്യങ്ങള്‍ ഭാഗികമായി പോലും അനുവദിക്കപ്പെടാതിരിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതിന് തുല്യമാണ്