കെ.അരവിന്ദ്
ഓഹരി വിപണിക്ക് സാരമായ നഷ്ടത്തിന്റെ വാരമാണ് കടന്നുപോയത്. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടമാണ് ഈയാഴ്ചയുണ്ടായത്. ഇന്നലെ വിപണി 2020 മെയ് മാസത്തിനു ശേഷം ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവിനാണ് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ വാരത്തെ ക്ലോസിംഗ് നിലവാരത്തേക്കാള്‍ 450 പോയിന്റ് താഴ്ന്ന നിലയിലാണ് ഈയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 900 പോയിന്റ് ആണ് ഇടിഞ്ഞത്. ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ഏകദേശം ആറ് ശതമാനം തിരുത്തല്‍ നിഫ്റ്റിയിലുണ്ടായി.
അതേ സമയം സ്‌മോള്‍കാപ് ഓഹരികള്‍ വേറിട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. മികച്ച സ്‌മോള്‍കാപ് ഓഹരികളില്‍ തുടര്‍ന്നും നിക്ഷേപകരുടെ താല്‍പ്പര്യം ശക്തമായി നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്.
നിഫ്റ്റിക്ക് 14,300ലാണ് അടുത്ത താങ്ങുള്ളത്. അടുത്തയാഴ്ച ഈ നിലവാരം ഭേദിക്കുകയാണെങ്കില്‍ 14,000ല്‍ ആയിരിക്കും അടുത്ത താങ്ങ്. 15,000ലാണ് പ്രതിരോധം.