സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുൾ ഖാദർ 1916 ജൂലായ് 19 ആം തിയതി കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന വയലിൻ വിദ്വാൻ ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ലെസ്ലി ആൻഡ്രൂസ് എന്ന കോഴിക്കോട് അബ്ദുൽ ഖാദർ ജനിച്ചു.

പിന്നീട് തൊഴിൽ തേടി 1933 ൽ റംഗൂണിലേക്കു പോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ലീം ഗായകരുമായുണ്ടായ അടുപ്പത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽ ഖാദറായി മാറി.
1936 ൽ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുൽഖാദർ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ ഇദ്ദേഹം പാർട്ടിവേദികളിൽ വിപ്ലവഗാനങ്ങൾ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകൻ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.

ബാബുരാജിനോടൊപ്പം കല്യാണവീടുകളിലും മറ്റും പാടിയാണ് അബ്ദുൾ ഖാദർ ജീവിക്കാനുള്ള വകയുണ്ടാക്കിയിരുന്നത്. ഇടയ്ക്ക് ബോംബെയിൽ ഷണ്മുഖാനന്ദഹാളിൽ ഒരു പരിപാടിയിൽ പാടാൻ അവസരം ലഭിച്ച അദ്ദേഹത്തിന് അവിടെ നിന്ന് ‘കേരള സൈഗാൾ’ എന്ന വിശേഷണം കിട്ടുകയുണ്ടായി.
മെഹ്ബൂബിന്റെ ഔറത്ത് എന്ന ചിത്രത്തിൽ പാടാൻ ചാൻസും കിട്ടി. അപ്പോഴാണ് മൂത്ത മകന് അസുഖമാണെന്ന കമ്പി കിട്ടിയത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. കുട്ടിയുടെ മരണത്തോടെ നിരാശനായി. പിന്നീട് ബോംബെയിൽ പോയില്ല. ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗായകനായി ചേർന്നു. 50 ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്.
സിനിമാ ഗായകനാവുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. കമ്മ്യുണിസ്റ്റ് വേദികളിൽ ഓടിനടന്ന് പാടുന്ന കാലത്താണ് അദ്ദേഹം തിരമാല, നവലോകം എന്നീ ചിത്രങ്ങളിൽ പാടിയത്.
പിന്നീട് ബാബുരാജ് ആദ്യമായി സംഗീതം നൽകിയ മിന്നാമിനുങ്ങിലും പുള്ളിമാനിലും പാടി. ഇതിൽ, പുള്ളിമാനുൾപ്പടെയുള്ള ചില ചിത്രങ്ങൾ റിലീസായതുപോലുമില്ല. നീലക്കുയിലിലെ എങ്ങനെ നീ മറക്കും എന്ന ഗാനത്തോടെയാണ് കോഴിക്കോട് അബ്ദുൾ ഖാദർ കേരളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയത്.

പിന്നീടാണ് നാടകചലച്ചിത്ര നടി ശാന്താ ദേവിയെ വിവാഹം കഴിച്ചത്. അതിൽ അദ്ദേഹത്തിനു സത്യജിത് എന്നൊരു മകനും ജനിച്ചു.
സത്യജിത്ത് അസുരവിത്ത്/കുട്ട്യേടത്തി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. നജ്മലും/സത്ത്യജിത്തും/ശാന്താദേ വിയും ഇപ്പോഴില്ല.
1977 ഫെബ്രുവരി 13 ആം തിയതി അദ്ദേഹം അന്തരിച്ചു.
ഗായകനായി സിനിമയിലും വേദികളിലും തിളങ്ങി നിന്നിരുന്ന കേരള സൈഗാൾ എന്ന അബ്‌ദുൾ ഖാദറിന് ഇന്ന് 104 വയസ്സ്. പ്രണാമം
കടപ്പാട്
മുഹമ്മദ് സജീർ പണ്ടാരത്തിൽ