കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, തൃശൂർ മേയർ അജിത ജയരാജൻ എന്നിവർ ഉൾപ്പെടെ ജൂൺ 15 ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ജൂൺ 30 മുതൽ ഔദ്യോഗിക കൃത്യനിർവ്വഹണം പുനരാരംഭിക്കാമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൃഷി മന്ത്രി വി എസ് സുനിൽകുമാർ രണ്ട് തവണ സ്രവപരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ച കോർപ്പറേഷൻ മെഡിക്കൽ വിഭാഗം ഉദ്യോഗസ്ഥക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയും മേയറും ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിൽ പോയത്. മന്ത്രിയും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറും തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്നു.
