കുവൈറ്റ് സിറ്റി : കുവൈത്തിൽ 1292 പേർക്ക് കൂടി പൗരത്വം റദ്ദാക്കാൻ സുപ്രീം പൗരത്വ കമ്മിറ്റിയുടെ ശുപാർശ. ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്.
റദ്ദാക്കപ്പെടുന്ന പൗരത്വങ്ങളിൽ ഭൂരിഭാഗവും വ്യാജരേഖ ചമച്ചും വഞ്ചനയിലൂടെയും നേടിയവയാണ്. ഇവരിൽ എട്ട് പേർ ഇരട്ട പൗരത്വം നിലനിറുത്തിയിട്ടുള്ളവരാണ്. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയവരുടെ പൗരത്വം റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയും.
ശൈഖ് ഫഹദ് യൂസഫിന്റെ നേതൃത്വത്തിലുള്ള പൗരത്വ സംബന്ധമായ സുപ്രീം കമ്മിറ്റി കാര്യക്ഷമമായ അന്വേഷണം നടത്തിയ ശേഷമാണ് ശുപാർശകൾ തയ്യാറാക്കിയത്. പിന്നീട് മന്ത്രിസഭ അംഗീകരിച്ചതോടെ പൗരത്വം ഔദ്യോഗികമായി റദ്ദാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും ഈ രീതിയിൽ നിരവധി പേരുടെ പൗരത്വം റദ്ദാക്കിയിരുന്നു.