Web Desk
പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവിൽ പോലീസ് ഓഫീസർക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സർവീസ് എൻട്രിയും നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേൽപ്പറമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ രഞ്ജിത്ത് കുമാർ കുളത്തിൽ ചാടി രക്ഷപ്പെടുത്തിയത്.
കുളത്തിൽ യുവാക്കൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നീന്തൽ പരിശീലനം നടത്തുന്നതറിഞ്ഞാണ് എസ്.ഐ.പത്മനാഭൻ എം പി, സിവിൽ പോലീസ് ഓഫീസർമാരായ കെ രഞ്ജിത്ത് കുമാർ, കൃപേഷ് എം വി എന്നിവർ അടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തിയത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഫിറോസ് എന്ന യുവാവ് മുങ്ങിത്താഴുകയായിരുന്നു. ഈ കാഴ്ചകണ്ടാണ് യൂണിഫോമിൽ തന്നെ രഞ്ജിത്ത് കുളത്തിൽ ചാടിയത്. മൂന്നുനാല് തവണ മുങ്ങിത്തപ്പിയതിനുശേഷം മാത്രമേ കുളത്തിന്റെ അടിത്തട്ടിൽ നിന്ന് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. കരയ്‌ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകിയശേഷമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.ഐ.പത്മനാഭൻ എം പി, സിവിൽ പോലീസ് ഓഫീസർ കൃപേഷ് എം വി എന്നിവരുടെ സഹായത്തോടെയാണ് യുവാവിനെ പോലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്.