പെരളശേരി : കിഫ്ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി കിഫ്ബിക്കുമേൽ പറക്കുന്നുണ്ട്. ഇവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല.
നിയമത്തിന്റെ അടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്. ഇത് കിഫ്ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണെന്നും ധർമടം മണ്ഡലത്തിൽ ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പറഞ്ഞു.
നാടാകെ വന്ന മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും നടക്കാതിരിക്കുമ്പോൾ ഇവിടെ മാത്രം നടക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് നോക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യക തരത്തിലുള്ള യോജിപ്പ് കോൺഗ്രസും ബിജെപിയും തമ്മിലുണ്ട്.
അത് എത്രയോ ഘട്ടങ്ങളിൽ നമ്മൾ കണ്ടുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവർ വീണ്ടും നുണക്കഥകളുമായി വരുന്നുണ്ട്. അക്കാര്യത്തിലും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.