റിയാദ് : അനാഥരുടെ ആശ്രയമായി, കാരുണ്യത്തിന്റെ വെളിച്ചമായി മാറിയ സൗദി അധ്യാപകന് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളറിന്റെ പുരസ്കാരം. ദുബായിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നാണ് സൗദി അധ്യാപകൻ മൻസൂർ ബിൻ അബ്ദുല്ല അൽ മൻസൂർ ജെംസ് എജ്യൂക്കേഷന്റെ ‘ആഗോള അധ്യാപക പുരസ്കാരം ഇതാദ്യമായാണ് ഗൾഫ് രാജ്യത്ത് നിന്നുള്ള അധ്യാപകന് ആഗോള അധ്യാപക പുരസ്കാരം ലഭിക്കുന്നത്. 89 രാജ്യങ്ങളിൽ നിന്നുള്ള 5,000 അധ്യാപകരിൽ നിന്നാണ് മൻസൂറിനെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനായി തിരഞ്ഞെടുത്തത്. 2015 ൽ ആരംഭിച്ച ആഗോള അധ്യാപക പുരസ്കാരം ലഭിക്കുന്ന 9–ാമത്തെ അധ്യാപകനാണ് മൻസൂർ അൽ മൻസൂർ. മലയാളി ഉടമസ്ഥതയിലുള്ള വർക്കി ഫൗണ്ടേഷനും യുനെസ്കോയും ചേർന്നാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്.
സമ്മാനത്തുക സ്കൂൾ നിർമാണത്തിന്
സമ്മാനത്തുക അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി സ്കൂൾ നിർമിക്കാൻ ഉപയോഗിക്കുമെന്നാണ് മൻസൂർ വെളിപ്പെടുത്തിയത്. സൗദി അൽ അഹ്സയിലെ പ്രിൻസ് സൗദ് ബിൻ ജലാവി സ്കൂൾ അധ്യാപകനായ മൻസൂർ അനാഥർക്കായി ജീവിതം ഉഴിഞ്ഞുവെച്ച അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. സന്നദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ മൻസൂറിന്റെ പേര് പ്രശസ്തമാണ്. അധ്യാപനത്തിനപ്പുറം എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അനാഥർക്ക് കൈത്താങ്ങായി മാറാനാണ് അദ്ദേഹം ചെലവിടുന്നത്. ‘അനാഥരുടെ നേർക്ക് ജനങ്ങൾക്ക് എപ്പോഴും അനുകമ്പയാണ്. അവർക്ക് ആഹാരവും വെള്ളവും നൽകും. പക്ഷേ അവർക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.
അനാഥർക്ക് വിദ്യാഭ്യാസം വളരെ കുറവാണെന്ന് പഠനത്തിലൂടെ താൻ കണ്ടെത്തിയെന്നും അതിനാൽ അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം വിശദമാക്കി. ലൈഫ് സ്കിൽസ് എന്ന പേരിലുള്ള വലിയ പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ചർച്ചകൾ, ആശയവിനിമയം, സാമ്പത്തിക അവബോധം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. നേരത്തെ സാമ്പത്തിക ബോധവൽക്കരണം എന്ന തലക്കെട്ടിൽ പൂർത്തിയാക്കിയ പദ്ധതിയും വലിയ വിജയം നേടി. ഇതിനകം അനവധി കുട്ടികൾക്ക് ബിസിനസ് കാര്യങ്ങളിൽ അറിവ് നൽകി. പലരും സ്വന്തമായി ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം വിശദമാക്കി. അനാഥരായ കുട്ടികൾക്ക് ആശ്രയവും പ്രതീക്ഷയുമായാണ് അൽ മൻസൂർ എന്ന ഈ അധ്യാപകൻ.
