മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഒമാൻ ഇന്ന് ഇറങ്ങും. ശക്തരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വൈകുന്നേരം ആറുമണിക്കാണ് മത്സരം. ആദ്യ കളിയിൽ ഇറാഖിനോട് ഒരുഗോളിന് തോറ്റിരുന്നു.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം റെഡ് വാരിയേഴ്സിന് നിർണായകമാണ്. ഇറാഖിനെതിരെ മികച്ച കളി കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയും ഒപ്പം ഭാഗ്യവും തുണക്കാതെ പോയി. ചില കളിക്കാർക്ക് പരിക്കേറ്റതും തിരിച്ചടിയായി. മുഹമ്മദ് ബിൻ മുബാറക് അൽ ഗ്രഫിയുടെ വലത് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ഹതീം അൽ റൗഷ്ദിയെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്.
ഇദ്ദേഹം ഇന്ന് കളിക്കാൻ ഇറങ്ങുമെന്നാണ് കരുതുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ ഇറങ്ങുന്നു എന്നത് കോച്ച് ജറോസ്ലോവ് സിൽ ഹവിയക്കും കുട്ടികൾക്കും ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഫിനിഷിങ്ങിലെ പാളിച്ചയായിരുന്നു ആദ്യ കളിയിൽ വില്ലനായിരുന്നത്. ഇത് പരിഹരിച്ചായിരിക്കും ഒമാൻ ഇന്നിറങ്ങുക. ആദ്യ മത്സരത്തിലെ ടീമിനെതന്നെ നിലനിർത്തനാണ് സാധ്യത. അതേസമയം, ലോകകപ്പ് ഫൈനൽ റൗണ്ടിലെ സ്ഥിര സാന്നിധ്യമായ ദക്ഷിണ കൊറിയയെ കീഴടക്കുകയെന്നത് ഒമാന് അത്ര എളുപ്പമല്ല. ലോകകപ്പിൽ ജർമനി, ഇറ്റലി, സ്പെയിൻ എന്നീ ടീമുകളെ അട്ടിമറിച്ച ചരിത്രമുള്ള ദക്ഷിണകൊറിയയുമായുള്ള ഒമാന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്കു കാണികൾ ഒഴുകും. ദക്ഷിണ കൊറിയയുമായി അധികം മത്സര പരിചയമില്ല എന്നതാണ് ഒമാനെ കുഴക്കുന്ന കാര്യം.
എതിരാളികളുടെ കരുത്തിൽ പരിഭ്രമിക്കാതെ മുഴുവൻ കരുത്തും പുറത്തെടുത്തു മത്സരം വിജയിക്കാനാണ് കോച് ജറോസ്ലോവ് സിൽ ഹവി കളിക്കാർക്ക് നൽകുന്ന നിർദേശം. മത്സരത്തിനായി ദക്ഷിണ കൊറിയൻ ടീം ദിവസങ്ങൾക്കുമുമ്പ് പരിശീലനം തുടങ്ങിയിരുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണ് ദക്ഷിണ കൊറിയെന്നും മത്സരത്തിനായി ഒമാൻ പൂർണ സജ്ജമാണെന്ന് കോച്ച് ജറോസ്ലോവ്സിൽ ഹവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിജയിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് എതിരാളിയോടുള്ള ബഹുമാനമാണ്, ഇത് ഞങ്ങൾക്ക് പൂർണമായി അറിയാവു ന്നതാണെന്നും കോച്ച് പറഞ്ഞു.