തിരുവനന്തപുരം: ലൈഫ് പദ്ധതി കോഴക്കേസ് പ്രതികള്‍ ഐഫോണ്‍ തനിക്കാണ് സമ്മാനിച്ചതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വന്തം ഭാര്യയുടെ കയ്യില്‍ ഫോണ്‍ ഇരിക്കുമ്പോഴാണ് അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. നാണമില്ലേ ഇങ്ങനെ പച്ചക്കള്ളം പറയാന്‍? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് അന്ന് കോടിയേരി പറഞ്ഞത്. ഇപ്പോള്‍ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ബാംഗ്‌ളൂരും എല്ലാം കിട്ടിയല്ലോ? സത്യം എപ്പോഴായാലും പുറത്തു വരിക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോടിയേരി അന്ന് ഈ പച്ചക്കള്ളം പറഞ്ഞു എന്ന് മാത്രല്ല സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഇതിന്റെ പേരില്‍ തന്നെ ഹീനമായി ആക്രമിക്കുകയും ചെയ്തിരുന്നു. സ്വന്തം ഭാര്യയാണ് ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മാന്യതയുടെ കണികയെങ്കിലും അവശേഷിക്കുന്നണ്ടെങ്കില്‍ കോടിയേരി തന്റെ തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു