തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവല്‍, ചെറുകഥ, തിരക്കഥ, ചലച്ചിത്രസംവിധാനം, പുതുമുഖ എഴുത്തുകാരൻ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.
പുരസ്‌കാര ജേതാക്കള്‍:
- മികച്ച ചലച്ചിത്രവും തിരക്കഥയും: ‘ഫെമിനിച്ചി ഫാത്തിമ’ – ഫാസില്‍ മുഹമ്മദ്
- മികച്ച നോവല്‍: ‘പട്ടുനൂല്‍പ്പുഴു’ – എസ്. ഹരീഷ്
- മികച്ച ചെറുകഥ: ‘ഇടമലയിലെ യാക്കൂബ്’ – പി.എസ്. റഫീഖ്
- ‘ടെയില്‍സ് ഓഫ് ഇന്ത്യ’ അവാര്‍ഡ് (പുതുമുഖ നോവലിസ്റ്റ്): ‘വൈറസ്’ – ഐശ്വര്യ കമല്‍
പുരസ്‌കാരമായി ക്യാഷ് അവാര്‍ഡ്, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. ‘ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് വിജയിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്ന ഏതെങ്കിലും രാജ്യാന്തര സ്ഥലത്തേക്കും സൗജന്യ റിട്ടേൺ വിമാന ടിക്കറ്റും സമ്മാനിക്കും. കൂടാതെ, ബോയിങ് വിമാന വാലിന്റെ രൂപകൽപ്പനയിലുള്ള പളുങ്ക് ശില്‍പവും നൽകപ്പെടും.
വിശിഷ്ട ജൂറി:
- സാഹിത്യ വിഭാഗം: ഉണ്ണി ആര്‍ (അധ്യക്ഷന്‍), ജി.ആര്‍. ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട്
- സിനിമാ വിഭാഗം: ടി.കെ. രാജീവ് കുമാര്‍ (അധ്യക്ഷന്‍), വിജയകൃഷ്ണന്‍, എസ്. കുമാര്‍
പുരസ്‌കാര വിതരണം:
മേയ് 30ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പത്മരാജന്റെ ഓര്‍മക്കായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ പങ്കാളിയായ സാങ്കേതിക വിദഗ്ധരെയും ആദരിക്കും. വയലിന്‍ സോളോ, ഫെമിനിച്ചി ഫാത്തിമയുടെ പ്രത്യേക പ്രദര്‍ശനം എന്നിവയും ചടങ്ങിന്റെ ഭാഗമായിരിക്കും.
പത്രസമ്മേളനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖര്‍, വിധികര്‍ത്താക്കളായ ടി.കെ. രാജീവ് കുമാര്‍, ഉണ്ണി ആര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി പി.ജി. പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് രാജ്യത്തെ 38 സ്ഥലങ്ങളിലേക്കും വിദേശത്തെ 17 ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളുണ്ട്. ആഴ്ചതോറും കൊച്ചിയില്‍ നിന്ന് 145, കോഴിക്കോട് നിന്ന് 100, തിരുവനന്തപുരം വഴി 70, കണ്ണൂര്‍ വഴി 65 വിമാന സര്‍വീസുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.