റിയാദ് : ശ്രീലങ്കയിലേക്ക് സൗദി അറേബ്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിത പ്രവേശനത്തിന് അവസരം. ആറുമാസം വരെ താമസിച്ച് ശ്രീലങ്കയുടെ മനോഹര ഭൂപ്രകൃതി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് പുതുക്കിയ നയപ്രകാരം ഇനി സാധിക്കും. ഇത് ചരിത്രപരമായ തീരുമാനമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസത്തിനും വ്യാപാര കൈമാറ്റത്തിനും കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് പുതിയ തീരുമാനം വഴിവെക്കുന്നമെന്ന് ശ്രീലങ്കൻ എംബസി പ്രതീക്ഷ പങ്കുവെച്ചു.
ഈ വീസ രഹിത പ്രവേശനത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യുകെ, ചൈന, അമേരിക്ക, ജർമനി, നെതർലൻഡ്സ്, ബൽജിയം, സ്പെയിൻ, ഓസ്ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തൊനീഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രയേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസീലൻഡ് എന്നിവരും ഉൾപ്പെടുന്നു.വിശദമായ വിവരങ്ങൾ താൽപ്പര്യമുള്ളവർക്ക്, ശ്രീലങ്കൻ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അതത് എംബസികളിലൂടെയും കോൺസുലേറ്റുകളിലൂടെയും മുഴുവൻ പട്ടികയും ലഭ്യമാണ്. വീസ രഹിത പ്രവേശന നയത്തിന് പുറമേ, ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ്, ഇന്തൊനീഷ്യ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വീസ വാഗ്ദാനം ചെയ്യുന്നത് ശ്രീലങ്ക തുടരുന്നുണ്ട്.