ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്‍റെ 75-ാം വാർഷികം ഖത്തറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഏഴു മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ത്രിവർണ പതാക ഉയർത്തി. ദേശീയഗാനാലാപനത്തെത്തുടർന്ന് അംബാസിഡർ ഇന്ത്യൻ പ്രസിഡന്‍റിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.ഐസിസി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അപെക്സ് ബോഡി പ്രസിഡന്‍റുമാരായ ഷാനവാസ് ബാവ, എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹ്മാൻ, ത്വാഹാ മുഹമ്മദ് എന്നിവർ ചേർന്ന് അംബാസിഡറെ സ്വീകരിച്ചു. ദേശഭക്തിഗാനങ്ങളും വിവിധ ഇന്ത്യൻ കലാരൂപങ്ങളും അരങ്ങേറി.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു.എംഇഎസ് ഇന്ത്യൻ സ്കൂളിൽ സ്കൂൾ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ ദേശീയ പതാക ഉയർത്തി. നോബിൾ ഇന്‍റർനാഷനൽ സ്കൂളിൽ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ് സ്വാഗതം പറഞ്ഞു. ബിർള പബ്ലിക് സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ഭവൻസ് പബ്ലിക് സ്കൂൾ, ഒലിവ് ഇന്‍റർനാഷണൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷം നടന്നു.
