ന്യൂഡൽഹി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് വിപ്ലവത്തിനു വഴിയൊരുക്കുന്ന നിർണായക ചുടവുവയ്പ്പ് എന്നാണ് എയർടെൽ അവകാശപ്പെടുന്നത്. നിയമപരമായ അനുമതി ലഭിച്ച ശേഷമാകും സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കുക. നരേന്ദ്ര മോദിയും ഇലോൺ മസ്കും കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്കുള്ളിലാണ് നിർണായക ചുവടുവയ്പ്പ്.
കഴിഞ്ഞ വർഷം സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തി. സ്റ്റാര്‍ലിങ്ക് ഇതിനകം 56ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്. സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, വിഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിനു ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.
