ചരിത്രം ഫീച്ചര്‍ സിനിമക്ക് വിഷയമാകുമ്പോള്‍ രണ്ട് തരത്തിലാണ് അതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്. ഒന്ന്, ഡോക്യുമെന്ററികളില്‍ നിന്നും ഫീച്ചര്‍ ഫിലിമുകളിലേക്കുള്ള പാലം അനന്തമായി നീണ്ടു പോകുമ്പോള്‍. രണ്ട്, മത-ജാതി സംഘര്‍ഷങ്ങള്‍ പ്രമേയമാകുന്ന സിനിമകള്‍ വര്‍ഗീയതയുടെ കണ്ണില്‍ കാണുമ്പോള്‍.
പഴശിരാജ എന്ന ചിത്രത്തില്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ എം.ടി പരാജയപ്പെട്ടുവെന്ന് എം.ജി.എസ് നാരായണനെ പോലുള്ള ചരിത്രകാരന്‍മാര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ എന്ന ദേശരാഷ്‌ട്രവും ഇന്ത്യക്കാരന്‍ എന്ന ദേശീയ വികാരവും ഒരു സങ്കല്‍പ്പം പോലുമായി നിലവിലില്ലാതിരുന്ന കാലത്ത് ഒരു നാട്ടുരാജാവ് തനിക്കുണ്ടായിരുന്ന നികുതി പിരിക്കാനുള്ള അവകാശം മറ്റൊരാള്‍ക്ക് നല്‍കിയതിന്റെ പേരില്‍ ബ്രിട്ടീഷുകാരുമായി നടത്തിയ പോരിനെയാണ് എം.ടി ദേശാഭിമാന പോരാട്ടത്തിന്റെ സാങ്കല്‍പ്പിക വര്‍ണങ്ങള്‍ ചേര്‍ത്ത് സിനിമയില്‍ അവതരിപ്പിച്ചത്. ഇത്തരം വസ്‌തുതാ വ്യതിയാനങ്ങള്‍ സിനിമക്ക് ശീലമാണ്. `അതൊരു സിനിമയല്ലേ’ എന്ന മട്ടില്‍ ലാഘവത്തോടെയാണ് മിക്ക പ്രേക്ഷകരും ഇത്തരം കെട്ടുകാഴ്‌ചകളെ സമീപിക്കാറുള്ളത്.
എന്നാല്‍ വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപനത്തോടെ തന്നെ വിവാദം കുറിച്ചത് ഒട്ടും ലാഘവത്തോടെ കാണേണ്ട കാര്യമല്ല. മലബാര്‍ കലാപ കാലത്തെ നേതാവ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ ധീര ദേശാഭിമാനിയായും വര്‍ഗീയവാദിയായും ചിത്രീകരിക്കുന്ന രണ്ട് തരം ആഖ്യാനങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ ആഖ്യാനം തെറ്റാണെന്നാണ് പല ചരിത്രകാരന്‍മാരും വാദിക്കുന്നത്. എന്നാല്‍ അതാണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് സിനിമയെടുക്കാന്‍ പോലും തങ്ങള്‍ സമ്മതിക്കില്ല എന്ന ഭീഷണിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ധ്രുവീകരണ രാഷ്‌ട്രീയം എന്ന ആയുധം വീശാന്‍ കൈവരുന്ന ഒരു അവസരവും വിടാതെ തക്കം പാര്‍ത്തിരിക്കുന്ന സംഘപരിവാര രാഷ്‌ട്രീയത്തിന്റെ വിഷദ്രംഷ്‌ടകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടു. പക്ഷേ ഈ വിഷദ്രംഷ്‌ടകള്‍ നേരത്തെ മറ്റ് മതങ്ങളിലെ വര്‍ഗീയ പരിവാരങ്ങളില്‍ നിന്നും പുറത്തു ചാടിയപ്പോള്‍ ആഷിഖ് അബുവിനും പൃഥ്വിരാജിനും ഇപ്പോള്‍ കിട്ടുന്ന തോതിലുള്ള പിന്തുണ അന്ന് ധ്രുവീകരണ രാഷ്‌ട്രീയം എന്ന ആയുധത്തിന്റെ ഇരകളായി മാറിയവര്‍ക്ക് കിട്ടിയിരുന്നില്ല എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്.
1986ല്‍ ക്രിസ്‌തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കപ്പെട്ടത് നമ്മുടെ പ്രബുദ്ധ കേരളത്തില്‍ തന്നെയാണ്. ഈ നാടകത്തിന്റെ സ്രഷ്‌ടാവായിരുന്ന പി.എം.ആന്റണിക്ക് ചെയ്യാത്ത കുറ്റത്തിന് നാല് വര്‍ഷം ജയില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നു. ക്രിസ്‌തീയ വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നു എന്ന പേരില്‍ ഒരു കവര്‍ ചിത്രം ഭാഷാപോഷിണി പിന്‍വലിച്ച സംഭവമുണ്ടായപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്ന് നിരന്നിരുന്ന് വാദിക്കുന്ന എഴുത്തുകാര്‍ ആരും പ്രതികരിച്ചു കണ്ടിരുന്നില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് പലപ്പോഴും വിചിത്രമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സല്‍മാന്‍ റുഷ്‌ദിയുടെ സാത്താന്റെ വചനങ്ങള്‍ നിരോധിക്കപ്പെടേണ്ടതു തന്നെയാണെന്നും വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ കൈ നഷ്‌ടപ്പെട്ട ജോസഫ് മാഷിന് താന്‍ ചെയ്‌തതിന്റെ ശമ്പളം കിട്ടിയെന്നും വാദിച്ച ആധുനികോത്തര ഇടതുപക്ഷ ബുദ്ധിജീവികളെ പോലുള്ള വിചിത്ര മനുഷ്യരും വാഴുന്നത് നമ്മുടെ കേരളത്തില്‍ തന്നെയാണ്. ഇപ്പോള്‍ വാരിയംകുന്നനെതിരെ വര്‍ഗീയതയുടെ വാരികുന്തവുമായി രംഗത്തുവരുന്ന തീവ്ര വലതുപക്ഷ വിഷജന്തുക്കള്‍ക്ക് വിഹരിക്കാന്‍ വഴിയൊരുക്കി കൊടുക്കുന്നത് ഇത്തരം വക്രബുദ്ധിജീവികള്‍ തന്നെയല്ലേ?