ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ദീർഘകാല വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. എട്ടു വർഷത്തിനുള്ളിൽ ദുബൈയിൽ മൂന്ന് ആശുപത്രികളും 33 പ്രൈമറി ഹെൽത്ത് സെന്ററുകളും നിർമിക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിൽ ആരോഗ്യ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. ഗ്രാമപ്രദേശങ്ങളിലും പുതുതായി വികസിപ്പിച്ച പ്രദേശങ്ങളിലും ജനങ്ങൾക്ക് സേവനങ്ങൾ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിൽ ഇതുൾപ്പെടെ വിവിധ പദ്ധതികൾക്കും ശൈഖ് ഹംദാൻ അംഗീകാരം നൽകി. എമിറേറ്റിലെ ഗുഡ്, ഹയർ റാങ്കുള്ള സ്വകാര്യ സ്കൂളുകളിൽ പ്രവേശന നടപടികൾ ലഘൂകരിച്ച് ഇമാറാത്തി വിദ്യാർഥികളുടെ രജിസ്ട്രേഷൻ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ഇതിൽ ഉൾപ്പെടും.
കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണക്കുന്നതിന് ഏകീകൃത കുടുംബ സുരക്ഷ കേന്ദ്രവും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥാപിക്കും. കുടുംബങ്ങൾക്ക് പിന്തുണയും മാർഗ നിർദേശങ്ങളും നൽകുകയാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. കൂടാതെ സ്മാർട്ട് ബിൽഡിങ് നയത്തിനും കൗൺസിൽ അംഗീകാരം നൽകി. നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഊർജ, ജല സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളിലൂടെ എമിറേറ്റിലുടനീളമുള്ള പ്രവർത്തന ചെലവ് കുറക്കുന്നതാണ് സ്മാർട്ട് ബിൽഡിങ് നയം. സുസ്ഥിരമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ എമിറേറ്റിന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുന്നതായിരിക്കും ഈ പദ്ധതിയെന്നും അധികൃതർ വിശദീകരിച്ചു. ദുബൈ സാമ്പത്തിക അജണ്ട 33നെയും ദുബൈ സോഷ്യൽ അജണ്ട 33നെയും പിന്തുണക്കുന്നതാണ് പുതിയ നയങ്ങൾ.









