കോവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായതിനാല്‍ സംവിധാനം തുടരുമെന്നാണ് സൂചന
അബുദാബി : കോടതി നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് കാലത്ത് ആരംഭിച്ച സംവിധാനം ഫലപ്രദമായതിനാല്‍ തുടരാനാണ് തീരുമാനം.
കഴിഞ്ഞ മൂന്നര മാസത്തിനിടെ ഒന്നര ലക്ഷം കേസുകള്‍ ഓണ്‍ലൈനായി തീര്‍പ്പുകല്‍പ്പിച്ചു. വാദം കേള്‍ക്കല്‍ ഉള്‍പ്പടെയുള്ള കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.
ഇതോടെ കോടതി നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കി. വാദം കേള്‍ക്കലും സാക്ഷിവിസ്താരവും എല്ലാം പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സ് വഴിയായതിനാല്‍ പ്രതികളേയും സാക്ഷികളേയും കോടതിയില്‍ ഹാജരാക്കുന്നതിനുള്ള കാലതാമസം ഒഴിവായി.
പ്രതികളായവരെ ജയിലില്‍ നിന്ന് നേരിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
കോവിഡ് കാലത്ത് ആരംഭിച്ച സംവിധാനം കുറ്റമറ്റതാക്കുന്നതിന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയും അബുദാബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആപ് വഴിയും മറ്റും കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനായതെന്ന് നിയമകാര്യ അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
ജനങ്ങള്‍ക്ക് നിയമപരമായ സംശയങ്ങള്‍ക്കും മറ്റും ഓണ്‍ലൈനായി മറുപടി നല്‍കാനും ഡിജിറ്റൈലസേഷന്‍ മൂലം സാധ്യമായി.