അബുദാബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുകൂടി അബുദാബിയിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ തുടങ്ങുന്നു. മംഗളൂരു, തിരുച്ചിറപ്പിള്ളി, കോയമ്പത്തൂർ നഗരങ്ങളിലേക്കാണ് അബുദാബിയിൽനിന്ന് സർവിസുകൾ നടത്തുകയെന്ന് അബുദാബി വിമാനത്താവള അധികൃതർ അറിയിച്ചു.
ഇൻഡിഗോ ആണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുതുതായി സർവിസുകൾ തുടങ്ങുന്നത്. നിലവിൽ 13 ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവിസുകൾ നടത്തുന്നുണ്ട്.
എന്നാൽ, എന്നുമുതലാണ് സർവിസ് ആരംഭിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ മുതൽ സർവിസ് തുടങ്ങുമെന്നാണ് വിവരം.
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ അബുദാബി വിമാനത്താവളങ്ങളിൽ യാത്രികരുടെ എണ്ണത്തിൽ 33.5 ശതമാനം വർധന നേടിയെന്ന പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതൽ യാത്രികരുള്ള ഇന്ത്യയിലെ മൂന്നു നഗരങ്ങളിലേക്കുകൂടി നേരിട്ട് സർവിസ് ആരംഭിക്കുന്ന പ്രഖ്യാപനവും നടത്തിയിരി ക്കുന്നത്. ആഗോള സ്വീകാര്യത വർധിപ്പിക്കുന്നതിന് തങ്ങൾക്ക് ലഭിച്ച മികച്ച പങ്കാളിയാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് ഇൻഡിഗോയുടെ പ്രതിനിധി സഞ്ജീവ് രാംദാസ് പറഞ്ഞു.
