മസ്കത്ത്: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമകളിൽ മുഴുകി ഒമാനിലെ പ്രവാസി സമൂഹവും. വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളും സംഘടനകളും അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു. യെച്ചൂരി ഗൾഫിൽ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തത് ഒമാനിൽ ആയിരുന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ വാർഷിക പരിപാടിയായ ശ്രീ നാരായണഗുരു അനുസ്മരണത്തിൽ പങ്കെടുക്കാൻ 2016ലാണ് ഒമാനിലെത്തിയിരുന്നത്. ഗൾഫിൽ എന്തുകൊണ്ടാണ് എത്താൻ വൈകിയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ആരും തന്നെ വിളിച്ചില്ല എന്നായിരുന്നു തമാശ രൂപേണ അദ്ദേഹം മറുപടി പറഞ്ഞതെന്ന് അന്നത്തെ പരിപാടിയുടെ സ്വഗതം സംഘം ചെയർമാനും നിലവിലെ കേരള പ്രവാസി കമീഷൻ അംഗവുമായ പി.എം. ജാബിർ പറഞ്ഞു.
വലിയ ഒരു ആൾകൂട്ടം അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിക്കാൻ എത്തിയിരുന്നെന്നും വിവിധ വിഭാഗങ്ങളിലുള്ള ആളുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്ന് തുടങ്ങിയ ബന്ധം അവസാനംവരെയും കാത്തുസൂക്ഷിക്കാൻ സാധിച്ചു. പാർട്ടി പരിപാടികളിലും മറ്റും കാണുമ്പോൾ മസ്കത്തിലെയും ഒമാനിലെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
ഇന്ത്യയിൽ ഫാഷിസം വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന വേളയിലുള്ള അദ്ദേഹത്തിന്റെ വിടവ് വലിയ നഷ്ടമാണുണ്ടാക്കുക. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കപ്പുറം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ വലിയ നഷ്ടമാണെന്ന് ജാബിർ പറഞ്ഞു.
വാദി കബീറിലെ ക്രിസ്റ്റൽ സ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടി ജനബാഹുല്യം കണക്കിലെടുത്ത് രണ്ടു വേദികളിലായാണ് നടത്തിയതെന്ന് അക്കൊല്ലം കേരള വിങ് കൺവീനറായിരുന്ന റെജിലാൽ കോക്കാടൻ ഓർമിക്കുന്നു. അദ്ദേഹത്തിന് ഉപഹാരമായി ഒരു പുസ്തകം നൽകാൻ തീരുമാനിച്ച് അതേപ്പറ്റി ചെറിയ സൂചന നൽകിയപ്പോൾത്തന്നെ ആ പുസ്തകം അദ്ദേഹം നേരത്തേതന്നെ വായിച്ചു കഴിഞ്ഞതായി പറഞ്ഞു. യെച്ചൂരിയുടെ അകാലവിയോഗം ഇന്ത്യൻ ജനാധിപത്യ സമൂഹത്തിന് തന്നെയും വലിയൊരു നഷ്ടമാണെന്നും റെജിലാൽ കൂട്ടിച്ചേർത്തു.
ഗുരുപ്രഭാഷണത്തിനായി മസ്കത്തിലെത്തിയ അദ്ദേഹം ഹോട്ടൽ മുറി ഒഴിവാക്കി സഖാക്കളുടെ വീടുകളിലാണ് തങ്ങിയത്. വളരെ ഉയർന്ന ധിഷണാശാലിയായ അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇവിടുത്തെ സാധാരണ പ്രവർത്തകരോട് ഇടപെട്ടിരുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന പ്രവർത്തകരുടെ കൂടെ നിൽക്കാനും എത്രയോ തവണ അവരുടെ കൂടെ ഫോട്ടോ എടുക്കാനും അദ്ദേഹം തയാറായി.
ശ്രീനാരായണഗുരുവിനെകുറിച്ചും കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് വഴിയൊരുക്കാൻ നവോത്ഥാന നേതാക്കന്മാർ വെട്ടിത്തെളിച്ച വഴി ഇടതു ഇടതുപക്ഷ മുന്നേറ്റത്തിന് വഴിയൊരുക്കി എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞുവെച്ചു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച അപരിഷ്കൃതമായ സാഹചര്യങ്ങളിൽനിന്ന് കേരളം രാജ്യത്തെ പുരോഗമന ശക്തികളുടെ ഈറ്റില്ലമായി മാറിയ സാഹചര്യങ്ങൾ അദ്ദേഹം അന്നത്തെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ഇടതുപക്ഷത്തിന്റെ പടനായകരിൽ ഒരാൾ കൂടി കടന്നുപോകുന്നത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും യെച്ചൂരിയുടെ പ്രഭാഷണം തത്സമയം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ബാലകൃഷ്ണൻ കുനിമ്മൽ പറഞ്ഞു.
യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള പുരോഗമന ശക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടം തന്നെയാണെന്ന് ഒമാനിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾ പറഞ്ഞു.