അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത് നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്
കുവൈത്തിൽ അനുവാദം കൂടാതെ മറ്റുള്ളവരുടെ ദൃശ്യം പകർത്തുന്നതും അവ പ്രചരിപ്പിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ട്വിട്ടർ വഴി ആരംഭിച്ച ബോധവൽക്കരണ പരിപാടിയിലാണു ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
“മറ്റുള്ളവരുടെ അറിവോ സമ്മതമോ കൂടാതെ ഫോട്ടോ എടുക്കുകയോ അവ ദുരുപയോഗം ചെയ്ത് കൊണ്ട് മനഃപൂർവം അപകീർത്തിപ്പെടുത്തുകയോ വിവിധ ഉപകരണങ്ങൾ വഴി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ നിയമ പരമായ ശിക്ഷാ നടപടികൾക്ക് വിധേയരാക്കും’ എന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റോഡപകടത്തിൽ മരിച്ച വ്യക്തിയുടെ ദൃശ്യങ്ങൾ സംഭവ സ്ഥലത്ത് വെച്ച് പകർത്തിയയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.