തിരുവനന്തപുരം • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിത കമ്മിഷൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി, ശിവശങ്കർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിത കമ്മിഷന്റെ ഇടപെടൽ.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് നേതാക്കൾ കമ്മിഷനു മുന്നിൽ പരാതിയുമായി എത്തിയത്. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും
ആരോപണവിധേയരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ അല്ല ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും നേതാക്കൾ കമ്മിഷനെ അറിയിച്ചിരുന്നു.
