കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം
തിരുവനന്തപുരം : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം എ യൂസ ഫലിയെയും സംഘത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ഏഴംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ നിലത്ത് ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ ഇടിച്ചിറകുകയുമായിരുന്നു. സമീപത്തെ വീട്ടിലുണ്ടായിരുന്ന പൊലിസ് ഓഫീസര്‍ ബിജി ഉടന്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.