2019-2020 അധ്യയന വർഷത്തെ ഹയർ സെക്കൻററി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിർപ്പും സംശയങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നമ്മുടെ വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.
വീടിനടുത്തു തന്നെയുള്ള സ്‌കൂളുകളിൽ പരീക്ഷയെഴുതുന്നതിനുള്ള അവസരം നൽകി. അകലെയുള്ള വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിച്ചു. ലക്ഷദ്വീപിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അവിടെ വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകൾ ഹയർ സെക്കൻററി സ്‌കൂളുകളിലെത്തിച്ച് പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി. വിവിധ സർക്കാർ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷപോലെ തന്നെ മൂല്യനിർണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ 3020 അധ്യാപകരെ കൊവിഡ് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂൺ 24ന് മൂല്യനിർണ്ണയം പൂർത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പിനെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.