കുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടനം വിജയകരമായി നടത്തപ്പെട്ടതിന് സൗദി അറേബ്യക്ക് കുവൈത്ത് അമീറിന്റെ അഭിനന്ദനം. കുവൈത്ത് അമീർ ശൈഖ് മിശ്‌അൽ അൽ അഹമ്മദ് അൽ ജാബിർ അൽ അസ്സബാഹ്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെയും അഭിനന്ദിച്ച് സന്ദേശം അയച്ചു.
ഹജ്ജ് തീർഥാടനം സാഫല്യത്തോടെ പൂർത്തിയാക്കിയത് ദൈവാനുഗ്രഹമെന്ന് അമീർ പറഞ്ഞു. തീർഥാടകർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കിയത് സംബന്ധിച്ച് സൗദി ഭരണകൂടത്തിനും പ്രത്യേകിച്ച് രാജാവിനോടും കിരീടാവകാശിയോടും അമീർ നന്ദി പ്രകടിപ്പിച്ചു.
മക്കയിൽ നടന്നു കൊണ്ടിരിക്കുന്ന വിപുലീകരണ പ്രവർത്തനങ്ങളിൽ സ്വീകരിച്ച കാര്യക്ഷമമായ നടപടികൾ അമീർ പ്രത്യേകമായി പ്രശംസിച്ചു. വിവിധ മന്ത്രാലയങ്ങൾ, സുരക്ഷാസേനകൾ, സ്വമേധയാ പ്രവർത്തിച്ച ജീവനക്കാർ എന്നിവരുടെ സേവനങ്ങളും കമ്മിറ്റ്മെന്റും ഹജ്ജിന്റെ വിജയത്തിന് നിർണായകമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുസബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ അസ്സബാഹ് എന്നിവരും സൗദി കിരീടാവകാശിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.