ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും.
ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി അറിയിച്ചു.
ജിദ്ദ വിമാനത്താവളത്തില്‍ ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ വൈ സബീര്‍ അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഭാരവാഹികള്‍ അബ്ദുള്ളക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു,
കോവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷത്തെ ഉടവേളയാണ് തീര്‍ത്ഥാടനത്തിന് ഉണ്ടായത്. പുതിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിലൂന്നിയ തീര്‍ത്ഥാടനമാണ് ഇക്കുറി സജ്ജമാക്കിയിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള 79, 237 തീര്‍ത്ഥാടകര്‍ ഇക്കുറി ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കും.തീര്‍ത്ഥാടകരില്‍ 50 ശതമാനവും വനിതകളാണ്. എല്ലാ തീര്‍ത്ഥാടകര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ഹജ്ജ് വൊളണ്ടിയര്‍മാര്‍ പരിശീലനം നേടിക്കഴിഞ്ഞു.
പന്ത്രണ്ട് വനിതകളടക്കം 400 വൊളണ്ടിയര്‍മാരാണ് പ്രത്യകം പരിശീലനം നേടി ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനുണ്ടാകുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാലും താമസം, ഗതാഗതം മറ്റ് സുരക്ഷ ആവശ്യങ്ങള്‍ക്കും വൊളണ്ടിയര്‍മാരുടെ സഹായം 24 മണിക്കൂറും ലഭ്യമാകും.
പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.
അഹമദ്ബാദ്, ബംഗലൂരു, കൊച്ചി, ഡെല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കൊത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.
കോവിഡ് സാഹചര്യങ്ങള്‍ മൂലം സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.













