കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം, തലഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്കും പരിക്കുണ്ട്
ജിദ്ദ : ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ സൗദി പോലീസ് അറസ്റ്റു ചെയ്തു. സൗദി പൗരനായ ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്ക് സാരമായ പരിക്കുകളുണ്ട്.
കുട്ടികളുടെ മുന്നില്‍ വെച്ച് അതിക്രൂരമായാണ് ഇയാള്‍ സ്ത്രീയെ ആക്രമിച്ചത്. കൂര്‍ത്ത വസ്തു ഉപയോഗിച്ച് കണ്ണില്‍ കുത്തിയതിനാല്‍ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്.
തല ശക്തിയായി ഭിത്തിയിലിടിച്ചതിനാല്‍ തലയോട്ടിക്കും പരിക്കുണ്ട്. പരിക്കേറ്റ ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മര്‍ദ്ദനമേറ്റ ഇവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയെങ്കിലും ഇയാള്‍ കടന്നു പിടിച്ച് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശരീരത്തില്‍ പലഭാഗങ്ങളിലും കത്തിക്കുത്തേറ്റ മുറിവുകളുണ്ട്.
മുഖത്താണ് കുത്തുകളേറേയും ഏറ്റത്. സൗദി ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ യുവതി ചികിത്സയില്‍ കഴിയുന്ന വിവരം ഇവരുടെ സഹോദരിയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ അറിയിച്ചത്.
ജിദ്ദ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗാര്‍ഹിക പീഡനത്തിന് സൗദിയില്‍ ശക്തമായ ശിക്ഷയാണ് നല്‍കുന്നത്.