ദോഹ: സിറിയയിലേക്ക് കൂടുതൽ മാനുഷിക സഹായം പ്രഖ്യാപിച്ച് ഖത്തർ ചാരിറ്റി. പ്രതിപക്ഷ സേന ഭരണനിയന്ത്രണം ഏറ്റെടുത്ത നാട്ടിലേക്ക് മാനുഷിക, ജീവകാരുണ്യ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 40 ഓളം ട്രാക്കുകൾ അടങ്ങിയ ആദ്യ ബാച്ച് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ പുറപ്പെട്ടു. രാജ്യത്തെ ദുരിത സാഹചര്യത്തിൽ സിറിയൻ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പിന്തുണയുമായാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ സഹായവുമായി വമ്പൻ വാഹനവ്യൂഹം പുറപ്പെടുന്നത്.
തുർക്കിയ അതിർത്തിയിൽ നിന്നാണ് ‘റിവൈവിങ് ഹോപ്’എന്ന കാമ്പയിനുമായി ദുരിതാശ്വാസ സഹായവുമായി വാഹനവ്യൂഹം യാത്ര ആരംഭിച്ചത്. അതിർത്തിയിൽ നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി ഇന്റർ നാഷനൽ ഓപറേഷൻ അസി. സി.ഇ.ഒ നവാഫ് അൽ ഹമാദിയുടെ നേതൃത്വത്തിൽ സംഘത്തെ യാത്രയാക്കി.
ആഭ്യന്തര സംഘർഷങ്ങൾ അവസാനിച്ച്, ബശാറുൽ അസദിന്റെ ഭരണകൂടത്തെ പുറത്താക്കിയ സിറിയയിലെ ജനങ്ങൾക്ക് ആവശ്യമായി ഭക്ഷ്യവസ്തുക്കൾ, സേവനങ്ങൾ, തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങൾ എന്നിവയടങ്ങിയതാണ് സഹായ വാഹനവ്യൂഹം. ധാന്യങ്ങൾ, ഭക്ഷ്യക്കിറ്റുകൾ, വസ്ത്രങ്ങൾ, ശുചിത്വ വസ്തുക്കൾ, ഭക്ഷ്യേതര കിറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 45 ലക്ഷം റിയാലിന്റെ ദുരിതാശ്വാസ വസ്തുക്കളാണുള്ളത്. 16 ദശലക്ഷം സിറിയൻ ജനങ്ങൾ അടിയന്തര മാനുഷിക സഹായത്തിന് അർഹരായുണ്ട് എന്നാണ് അടുത്തിടെ പുറത്തുവിട്ട യു.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ബശ്ശാറുൽ അസദ് രാജ്യം വിട്ടതിനു പിറകെ അയൽ രാജ്യങ്ങളിലും അതിർത്തികളിലും അഭയാർഥികളായ പതിനായിരങ്ങൾ സിറിയയിലെ ജന്മാനാടുകളിലേക്ക് തിരികെ പോയതിനു പിന്നാലെയാണ് സഹായ വാഹനവ്യൂഹം സജ്ജമാക്കിയതെന്ന് ഖത്തർ ചാരിറ്റി പ്രതിനിധി പറഞ്ഞു. ജനങ്ങളെ പുതിയ ജീവിതം കെട്ടിപ്പടുക്കാനും ജന്മനാടുകളിൽ സ്ഥിരവാസം ഉറപ്പിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.











