കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരും. ആക്രമണകാരിയായ മിഡ്ഫീൽഡർ 2025 വരെ ടീമിൽ തുടരാൻ കരാർ ദീർഘിപ്പിച്ചു. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്. എട്ടാം വയസിൽ അബുദാബിയിലെ അൽ ഇത്തിഹാദ് സ്‌പോർട്‌സ് അക്കാദമിയിൽ ഫുട്‌ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയശേഷം കണ്ണൂരിലെ യൂണിവേഴ്‌സിറ്റി തലത്തിൽ ഫുട്‌ബോൾ കളിച്ചു. അണ്ടർ 21 കേരള ടീമിലും സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. തുടർന്നാണ് സഹലിനെ ബ്‌ളാസ്‌റ്റേഴ്‌സ് ഭാഗമാക്കിയത്.
2017-18 ഐ ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ച അദ്ദേഹം സീനിയർ ടീമിലും ഏതാനും മത്സരങ്ങളിൽ കളിച്ചു. 2018-19 ഐ.എസ്.എൽ സീസൺ വഴിത്തിരിവായി. എതിരാളിചെന്നൈയിൻ എഫ്.സിക്കെതിരെ ക്ലബിനായി സഹൽ ആദ്യഗോൾ നേടി. 37 ഐ.എസ്.എൽ മത്സരങ്ങളിൽ നിന്നായി 2 അസിസ്റ്റും സ്വന്തമാക്കി. ഐ.എസ്.എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ.ഐ.എഫ്.എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ നേട്ടങ്ങളും സഹൽ സ്വന്തമാക്കി.
സഹലിന്റെ മികച്ച പ്രകടനങ്ങൾ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ ജൂണിൽ കുറകാവോ്‌ക്കെതിരായ കിംഗ്‌സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ ‘ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.
കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ അഭിനിവേശമാണ് ഫുട്‌ബോളെന്ന് സഹൽ പറയുന്നു. ബ്‌ളാസ്‌റ്റേഴ്‌സിനു വേണ്ടി ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ശരിക്കും ആസ്വദിച്ചു. കരാർ ദീർഘിപ്പിച്ചതിനാൽ വരും വർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സഹൽ പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തേക്ക് സഹൽ ക്‌ളബിൽ തുടരുന്നതിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട കളിക്കാരന്റെ കളി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ടീം പ്രതിജ്ഞാബദ്ധരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു











