ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി. എന്ന പേരില്‍ തുടക്കം കുറിച്ചു. സഭാ ടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം 2020 ആഗസ്റ്റ് 17 (1196ചിങ്ങം1) ഉച്ചയ്ക്ക് 12.00 ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്സ് ലോഞ്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ബഹു. ലോക്സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ചു. തദവസരത്തില്‍ ബഹു.നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രിയും, കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹു. പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയും നിര്‍വ്വഹിച്ചു. ബഹു. സ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. വി. ശശി സ്വാഗതം പ്രസംഗം നടത്തി.
പ്രസ്തുത ചടങ്ങില്‍ ബഹു. റവന്യുവും ഭവനനിര്‍മ്മാണവും വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു. തുറമുഖവും മ്യൂസിയവും പുരാവസ്തുവും വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി, ശ്രീ. മാത്യു ടി. തോമസ് എം.എല്‍.എ, ശ്രീ. ഒ. രാജഗോപാല്‍ എം.എല്‍.എ., ശ്രീ.പി.സി.ജോര്‍ജ്ജ് എം.എല്‍.എ., ശ്രീമതി വീണാ ജോര്‍ജ്ജ് എം.എല്‍.എ., സഭാ ടി.വി. മീഡിയാ കണ്‍സല്‍ട്ടന്റ് ശ്രീ. വെങ്കിടേശ്വരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ നിയമസഭാ സെക്രട്ടറി കൃതജ്ഞത അര്‍പ്പിച്ചു.
നാളിതുവരെയുള്ള പതിനാല് കേരളാ നിയമസഭയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹൃസ്വ വീഡിയോയും സഭാ ടി.വി.യുടെ വിവിധ സെഗ്മെന്റുകളെ കുറിച്ചുള്ള വീഡിയോയും പ്രസ്തുത ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.











