മസ്കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെത്തിയവർ കുടുങ്ങി. ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.
സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് അടിച്ച് ഒമാനടക്കമുള്ള രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എടുത്ത് യു.എ.ഇയിലേക്ക് തിരിച്ചെത്തുകയായിരുന്നു ഇതുവരെ. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാലാണ് ഇങ്ങനെ എക്സിറ്റ് അടിക്കാനായി ജി.സി.സി രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ ദുബൈ ഇമിഗ്രേഷൻ അധികൃതർ കഴിഞ്ഞയാഴ്ച മുതൽ നിയമം കർശനമാക്കിയതോടെ ഇങ്ങനെ എത്തിയവർ വെട്ടിലായി. ദുബൈയിലേക്ക് ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്ലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം.
