തിരുവനന്തപുരം: വിവാദമുയര്‍ന്ന കോവാക്‌സിന്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്യും. നിലവില്‍ വിതരണം ചെയ്യുന്നതില്‍ ബാക്കിയുള്ള കോവിഷീല്‍ഡ് വാക്‌സീന്‍ സ്റ്റോറുകളിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വിതരണത്തിനെത്തിച്ച ഒരു ലക്ഷത്തി പതിനായിരം ഡോസ് വാക്‌സീനാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്നെ വയനാട് ഉള്‍പ്പെടെ ചിലയിടങ്ങളില്‍ കോവാക്‌സിന്‍ കുത്തിവച്ചിരുന്നു. ഇന്നു മുതല്‍ പൂര്‍ണമായും കോവാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് കോവാക്‌സിന്‍ വിവാദത്തിലായത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന് മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും മുന്‍പേ അനുമതി നല്‍കിയതാണ് വിവാദം സൃഷ്ടിച്ചത്.
ഫലപ്രാപ്തി വേണ്ട വിധത്തില്‍ തെളിയിക്കപ്പെടാത്ത വാക്‌സിന് തിടുക്കപ്പെട്ട് അനുമതി നല്‍കിയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. എന്നാല്‍ സുരക്ഷിതമെന്നാണ് കേന്ദ്ര സര്‍ക്കാരും വാക്‌സിന്‍ നിര്‍മാതാക്കളും പറയുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീനാണ് കേരളത്തില്‍ ഇതുവരെ നല്‍കിയത്.
അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കൃതൃമായ ബോധവത്കരണം നല്‍കി മാത്രമേ കോവാക്‌സീന്‍ വിതരണം ചെയ്യാവൂ എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സമ്മതപത്രം വാങ്ങിയാണ് കോവാക്‌സിന്‍ നല്‍കുക.