തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് നടപടി. ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാർഗുഡി കുടുംബം വ്യക്തമാക്കി.
കാളിയപെരുമാൾ, ശിവകുമാർ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസ് എന്നിവയുടെ പേരിൽ ബിനാമി ഇടപാടുകൾ നടന്നു. ജയിലിൽ കഴിയുമ്പോഴും നോട്ട് റദ്ദാക്കൽ കാലയളവിൽ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്.
എന്നാൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ് ഒപി എസ് നേതൃത്വമാണ് നടപടിക്ക് പിന്നില്ലെന്ന് മന്നാർഗുഡി കുടുംബം ആരോപിച്ചു. ജനപിന്തുണ നഷ്ടമായതിൻ്റെ ഭയമാണ് പാർട്ടിക്കെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും കുടുംബം അവകാശപ്പെട്ടു