ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി .വ്യോമഗതാഗതവും തടസ്സപ്പെട്ടു. പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ അന്തരീക്ഷം പൊടിയില്‍ മുങ്ങി.
അബുദാബി : ഗള്‍ഫ് മേഖലയാകെ വീശിയടിച്ച പൊടിക്കാറ്റ് യുഎഇയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു.
നാല്‍പതു കിലോമീറ്ററിനു മേല്‍ വേഗതയില്‍ വീശിയ കാറ്റ് മൂലം അന്തരീക്ഷമാകെ പൊടിപടലത്തില്‍ മുങ്ങിയ നിലയിലായിരുന്നു. വരും ദിവസങ്ങളിലും പൊടിക്കാറ്റ് വീശുന്നത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യുഎഇയില്‍ പൊടിക്കാറ്റ് വീശിയടിച്ചത്. ദുരക്കാഴ്ച 500 മീറ്ററായി കുറഞ്ഞതോടെ ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ വളരെയേറെ ബുദ്ധിമുട്ടി. വിമാനങ്ങളുടെ ലാന്‍ഡിംഗിനേയും പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു.
ജിസിസിയിലെ മിക്കരാജ്യങ്ങളിലും പൊടിക്കാറ്റ് വീശിയത് വ്യോമഗതാഗതത്തെ ബാധിച്ചു. കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രണ്ടര മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.
യുഎഇയില്‍ ദുബായ്, അബുദാബി എന്നിവടങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമായിരുന്നുവെങ്കിലും വ്യോമഗതാഗതം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നില്ല.
യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും സൗധങ്ങളും ഓറഞ്ചു നിറമുള്ള പൊടിക്കാറ്റില്‍ മുങ്ങി നില്‍ക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.