തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന. 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്.കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്സ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും.
