വേനലവധിക്കാലവും ബക്രീദ് അവധിയും ചേര്‍ന്നതോടെ വിമാന നിരക്ക് താങ്ങാവുന്നതിലപ്പുറം
ദുബായ് : വിമാനനിരക്ക് യാതൊരു എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഉയരുമ്പോള്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജന്‍മനാട്ടിലെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകളുടെ ചിറകരിയുന്നു.
വിമാനനിരക്ക് വേനലവധിക്കാലത്ത് ഉയരുന്നതും ഇതിന്നെതിരെ വലിയ പ്രതിഷേധ ഉയരുന്നതും പതിവു സംഭവമാകുകയും അധികാരികളുടേയും ബന്ധപ്പെട്ട ജനപ്രതിനിധികളുടേയും ഇടപെടലുകളും പാഴ് വാക്കായി മാറുകയും ചെയ്യുന്ന വേളയില്‍ സ്വയം പരിഹാരം തേടുകയാണ് പ്രവാസ സമൂഹം.
കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ക്ക് രണ്ട് വേനലവധിക്കാലമാണ് നഷ്ടമായത്. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബംഗങ്ങള്‍ നാട്ടിലെത്താന്‍ അവധി അനുവദിച്ച് കിട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോഴാണ് തങ്ങളുടെ ശമ്പളത്തിന്റെ മിച്ചം പിടിച്ച തുക മുഴവന്‍ നാട്ടിലേക്കുള്ള ടിക്കറ്റിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്നത്.
ടിക്കറ്റ് നിരക്കുകള്‍ കേരളത്തിലേക്കുള്ള സെക്ടറുകളില്‍ മാത്രമാണ് ഇത്രയും അധികം നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്.
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സെക്ടറുകളില്‍ നിലവിലെ നിരക്കിനേക്കാള്‍ നാലും അഞ്ചും ഇരട്ടി തുകയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
വേനലവധിക്കാലത്ത് പതിവുള്ള തിരക്കിനൊപ്പമാണ് ബക്രീദ് അവധിയും എത്തുന്നത്. 2019 വേനലവധിക്ക് നാട്ടില്‍ പോയ ശേഷം ഇതാദ്യമായി കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ നാട്ടിലേക്ക് പോവാനുള്ള അവസരം ഒരുങ്ങിയതിനാല്‍ ഒട്ടനവധി കുടുംബഗങ്ങളാണ് ഇക്കുറി യാത്ര ചെയ്യുന്നത്.
ബുക്കിംഗ് കൂടിയതിനെ തുടര്‍ന്ന് നിരക്ക് ഉയരുന്നുവെന്ന പതിവു പല്ലവിയാണ് അധികാരികള്‍ക്ക്. എന്നാല്‍, തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം കൂടുതല്‍ വിമാന സര്‍വ്വീസ് നടത്തി ഈ തിരക്ക് കുറയ്ക്കാന്‍ ആരും ശ്രമം നടത്തുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി.
ഇതിനു പകരം തിരക്ക് മുതലാക്കി നിരക്ക് ഉയര്‍ത്തി അമിത ലാഭത്തിന് ശ്രമിക്കുകയാണ് വിമാനക്കമ്പനികള്‍,
എയര്‍ ഇന്ത്യ പോലുള്ള കമ്പനികള്‍ മുന്‍കാലങ്ങളില്‍ തങ്ങളുടെ മറ്റു സെക്ടറുകളിലെ നഷ്ടം നികത്തുന്നത് വേനല്‍ക്കാലത്ത് കേരളത്തിലേക്ക് സര്‍വ്വീസുകള്‍ നടത്തിയാണ്.
ഇൗ ചൂഷണത്തിന് അധികാര സ്ഥാനത്തിരിക്കുന്നവര്‍ പരിഹാരം കാണുന്നില്ലെന്ന പരാതി ഉയരുകയും അവഗണന തുടരുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
പ്രവാസികളുടെ ആവശ്യപ്രകാരം ചില ട്രാവല്‍ ഏജന്‍സികളാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നത്. 183 യാത്രക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും കേരളത്തിലേക്ക് പറന്നിരുന്നു.
1200 ദിര്‍ഹമാണ് വണ്‍വേ ടിക്കറ്റ്. ഏകദേശം 2600 രൂപ. അതേസമയം, മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളില്‍ കേരളത്തിലേക്ക് 80,000 രൂപയ്ക്ക് മേലാണ് ഇപ്പോല്‍ ഒരു ദിശയിലേക്ക് മാത്രമുള്ള ടിക്കറ്റ് ചാര്‍ജ്.
ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും.
നാലു പേരടങ്ങുന്ന ഒരു കൂടുംബത്തിന് കേരളത്തിലേക്ക് അവധിക്കാലത്ത് പോയി മടങ്ങി വരാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.
നാലോ അഞ്ചോ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ചിലവ്.
ഇന്ത്യയിലെ മറ്റ് ചില വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് സാധാരണ പോലെയാണ്. ഇവിടങ്ങളിലേക്ക് ടിക്കറ്റ് എടുത്ത് പോയി രണ്ട് ദിവസം ഹോട്ടലില്‍ താമസിച്ച് നാട്ടിലേക്ക് ആഭ്യന്തര വിമാന സര്‍വ്വീസ് ഉപയോഗിച്ച് പറന്നാലും ഇത്രയും തുക വിമാനകമ്പനികള്‍ക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ വേനലവധിക്കാലം ഉല്ലാസയാത്രയാക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്.
ഇതു കൂടാതെ ഒമാനിലേക്ക് പോയി അവിടെ നിന്ന് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ടിക്കറ്റിന് ചെലവഴിക്കുന്ന തുകയുടെ പകുതി തുകയ്ക്ക് മസ്‌ക്കത്ത് വഴി കേരളത്തിലെത്താമെന്നും മനസ്സിലാക്കിയാണ് ഈ വഴി തിരഞ്ഞെടുത്തിട്ടുള്ളത്.