കോഴിക്കോട് : അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. അങ്ങനെ കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. ഫോൺ വല്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ഫോൺ എടുക്കുന്നില്ല. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങൾ വന്നതോടെ അത് തുടരാൻ തന്നെയാണ് തീരുമാനം. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു.’’ മനാഫ് പറഞ്ഞു.
