

ദോഹ/ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയും അംഗീകാരം നേടി. ആസ്ട്രേലിയയിലെ “എയർലൈൻ റേറ്റിംഗ്സ് ഡോട്ട് കോം” പ്രസിദ്ധീകരിച്ച 2025ലെ വാർഷിക സുരക്ഷാ റാങ്കിംഗിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് എയർ ന്യൂസിലാൻഡ് ആണെന്നും രണ്ടാം സ്ഥാനത്ത് ഖ്വാണ്ടാസ് എന്ന ഓസ്ട്രേലിയൻ എയർലൈൻ എത്തിയതാണെന്നും റിപ്പോർട്ട് പറയുന്നു. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ്, കാത്തേ പസിഫിക് എന്നീ എയർലൈൻസുകൾ മൂന്നാം സ്ഥാനം പങ്കിടുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ എന്തെല്ലാം?
വിമാനത്തിന്റെ പ്രായം, പൈലറ്റുകളുടെ പരിശീലന നിലവാരം, സേഫ്റ്റി പ്രോട്ടോകോളുകളുടെ കൃത്യത, അപകടങ്ങളുടെ ചരിത്രം എന്നിവ അടിസ്ഥാനമാക്കിയാണ് 20 മികച്ച എയർലൈനുകളുടെ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പ്രകടനത്തിൽ 1.50 പോയിന്റ് വ്യത്യാസം കൊണ്ടാണ് ഖ്വാണ്ടാസ് രണ്ടാമതായി എത്തിയത്.
മറ്റുള്ളവരാരെല്ലാം പട്ടികയിൽ?
വിർജിൻ ഓസ്ട്രേലിയ, എത്തിഹാദ്, എയർ കാനഡ, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, കൊറിയൻ എയർ, അണ, ഇവ എയർ, തുർക്കിഷ് എയർലൈൻസ്, TAP പോർച്ചുഗൽ, ജാൽ, ഫിൻഎയർ തുടങ്ങി പ്രമുഖ എയർലൈൻസുകൾ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
സുരക്ഷിതമായ ബജറ്റ് എയർലൈനുകൾ: ഇൻഡിഗോയ്ക്കും അംഗീകാരം
ലോകത്തെ ഏറ്റവും സുരക്ഷിതമായ ബജറ്റ് (ചെലവു കുറഞ്ഞ) എയർലൈനുകളുടെ പട്ടികയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോയ്ക്കും ഇടം ലഭിച്ചു. പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസ് ഒന്നാമതെത്തിയപ്പോള്‍ ഇൻഡിഗോ 19-ാം സ്ഥാനത്താണ്.
പട്ടികയിൽ ഇടം പിടിച്ച മറ്റ് ബജറ്റ് എയർലൈൻസുകൾ:
ജെറ്റ്‌സ്റ്റാർ ഗ്രൂപ്പ്, റിയാൻ എയർ, എയർ ഏഷ്യ, വിസ് എയർ, വിയറ്റ്‌ജെറ്റ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ്, വൊളാരിസ്, ഫ്ളൈദുബായ്, നോർവീജിയൻ, ജെറ്റ്2, എയർ അറേബ്യ, യൂറോവിങ്സ് തുടങ്ങിയവ പട്ടികയിലുണ്ട്.