റിയാദ്: ലോകത്താദ്യമായി റോബോട്ടിനെ ഉപയോഗിച്ച് കൃത്രിമ ഹൃദയ പമ്പ് വിജയകരമായി സ്ഥാപിച്ച് റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. വൈദ്യരംഗത്തെ ഏറ്റവും പുതിയ ആഗോള നേട്ടമാണ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്വന്തമാക്കിയിരിക്കുന്നത്.
കൃത്രിമമായുണ്ടാക്കിയ ഹൃദയ പമ്പ് നെഞ്ചിൽ മുറിവുണ്ടാക്കാതെ റോബോട്ടിനെ ഉപയോഗിച്ച് അകത്ത് സ്ഥാപിക്കുന്നതിൽ ആശുപത്രിയിലെ മെഡിക്കൽ സംഘം വിജയിച്ചത്. 35 വയസ്സുള്ള ഒരു രോഗിയിലാണ് ലോകത്തിലെ ആദ്യത്തെ പൂർണമായും റോബോട്ടിക് കൃത്രിമ ഹൃദയ പമ്പ് (ഹാർട്ട്മേറ്റ് ത്രീ) ഇംപ്ലാന്റേഷൻ ഓപറേഷൻ നടത്തി വിജയിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് വൃക്കകളുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായ രോഗിയിലാണ് ഇത് സാധ്യമായത്. സ്വദേശി യുവാവായ ഈ രോഗി നാല് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ നൂതന ശസ്ത്രക്രിയയിലൂടെ യുവാവിന് ജീവിതം തിരിച്ചുകിട്ടി. തന്റെ വീട്ടിലേക്കും കുടുംബത്തിലേക്കും മടങ്ങിവരാനുള്ള സ്വപ്നം സാക്ഷാത്കൃതമായ സന്തോഷത്തിലാണ് യുവാവും കുടുംബവും.
നവീകരണത്തിന് ധീരമായ ചുവടുവെപ്പുകളാണ് ആശുപത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും നമ്മുടെശേഷിയെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതാണ് ഈ നേട്ടമെന്നും സി.ഇ.ഒ ഡോ. മജീദ് അൽ ഫയാദ് പറഞ്ഞു. ഏറ്റവും നൂതനമായ വൈദ്യ പ്രതിവിധികളാണ് ആശുപത്രി ഗവേഷണ വിഭാഗം കണ്ടെത്തി വിജയിപ്പിക്കുന്നത്.
ആതുരശുശ്രൂഷയിൽ സാധ്യമാകുന്നതിന്റെ അതിരുകൾ വിപുലമാകുകയാണ്. ഈ നേട്ടം ആഗോളതലത്തിൽ വൈദ്യരംഗത്തെ നവീകരണത്തിനുള്ള ഒരു റഫറൻസ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുമെന്നും ഡോ. അൽഫയാദ് സൂചിപ്പിച്ചു. കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ റോബോട്ടിക് സർജറി മേഖലയിലെ ആഗോള റഫറൻസ് എന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തിയ വിജയങ്ങളുടെ പരമ്പരയിലെ തുടർച്ചയാണ് ഈ നേട്ടം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലോകത്തിലെ ആദ്യത്തെ പൂർണമായും റോബോട്ടിക് ഉപയോഗിച്ച് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിൽ ആശുപത്രിയിലെ മെഡിക്കൽ സംഘം വിജയിച്ചത്.
