ലോകകേരള സഭ ബഹിഷ്‌കരിച്ചതില്‍ എംഎ യൂസഫലി നടത്തിയ വിമര്‍ശനത്തില്‍ ഖേദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം : ലോക കേരളസഭയില്‍ ധൂര്‍ത്തെന്ന് വിമര്‍ശിച്ചത് പ്രവാസികള്‍ക്ക് ഭക്ഷണവും താസമവും നല്‍കിയതിനെ അല്ലെന്നും വിമര്‍ശനം പതിനാറു കോടി ചെലവിട്ടതിനെയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഇക്കാര്യത്തില്‍ പ്രമുഖ വ്യവസായി ഡോ എംഎ യൂസഫലി നടത്തിയ പ്രസ്തവന ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങളാല്‍ തങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നില്ലെന്ന് തങ്ങള്‍ യൂസഫലിയേയും മറ്റും അറിയിച്ചിരുന്നതായി വിഡി സതീശന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നായിരുന്നു തങ്ങളുടെ നിലപാട്. തങ്ങളുടെ നയം പറഞ്ഞതിനു ശേഷവും അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത് ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
അതിനിടെ, ലോക കേരള സഭയോട് ലീഗിന് യാതൊരു വിയോജിപ്പുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവും കെഎംസിസി പ്രതിനിധിയുമായ കെപി മുഹമദ് പറഞ്ഞു.
പാര്‍ട്ടിയും നേതാക്കളും പൂര്‍ണ പിന്തുണയും നിര്‍ദ്ദേശവും നല്‍കിയതു കൊണ്ടാണ് തങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നതെന്നും മുഹമദ് പറഞ്ഞു.
ലോക കേരള സഭയ്ക്ക് രൂപം കൊടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും സഭ ആറുമാസത്തിലൊരിക്കല്‍ ചേരണമെന്നും ലീഗ് നേതാവ് പറഞ്ഞു.