പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി
തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന സംഭവങ്ങള്‍ക്കും വേദിയായി പ്രവാസികളുടെ പ്രതീക്ഷയായി മാറിയ ലോക കേരളസഭ.
കേരളത്തില്‍ നിന്ന് മൂന്നു പതിറ്റാണ്ട് മുമ്പ് പ്രവാസ ജീവിതം തുടങ്ങിയ മോളി എലിസമ്പത്ത് എന്ന ഗാര്‍ഹിക തൊഴിലാളിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിത കഥ കേട്ട് അമ്പരന്നവര്‍ ഏറെയാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടുന്നവര്‍ അവരെ ചേര്‍ത്തു പിടിച്ചു ആശ്വസിക്കുന്ന രംഗത്തിനും സഭ വേദി സാക്ഷിയായി.
മരുന്നു കഴിക്കാന്‍ വേണ്ടി വെറും വയറിലേക്ക് എന്തെങ്കിലും ചെല്ലാന്‍ കുപ്പത്തൊട്ടിയില്‍ മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം വാരിക്കഴിക്കേണ്ടി വന്ന കഥ പറയുമ്പോള്‍ അവര്‍ വിങ്ങിപ്പൊട്ടി.
1991 ല്‍ ഖത്തറിലും പിന്നീട് 93 ല്‍ ഒമാനിലേക്കും ജോലി തേടി പോയ അവര്‍ക്ക്ക്ക് വിവര്‍ണനാതീതമായ തീവ്രാനുഭവങ്ങളാണ് ഉണ്ടായത്.
മലയാളി കുടുംബത്തിനൊപ്പം ജോലി ചെയ്ത അവസരത്തില്‍ സമയത്ത് ഭക്ഷണം പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. തനിക്ക് അസുഖം വന്നതോടെ അവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും തന്നെ പട്ടിണിക്ക് ഇടുകയും ചെയ്തു.
ഹോട്ടലില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം വേസ്റ്റ് ബക്കറ്റില്‍ തുപ്പിയ ശേഷം ഇടും ഇതാണ് താന്‍ വിശക്കുമ്പോള്‍ കഴിച്ചതെന്ന് ഇവര്‍ പറയുന്നു.
സമീപത്തെ കടയുടമയുടെ സഹായത്തോടെ രക്ഷപ്പെട്ട് സ്വദേശിയുടെ വീട്ടിലെത്തിയതോടെയാണ് തന്റെ ദുരിതങ്ങള്‍ അവസാനിച്ചത്.
29 വര്‍ഷമായി താന്‍ ഒമാനില്‍ ജോലി ചെയ്യുകയാണെങ്കിലും ഇതുവരെ സ്വന്തമായി ഒരു വീടു നിര്‍മിക്കാനായിട്ടില്ലെന്നും മോളി പറഞ്ഞു. പ്രായമായ അമ്മ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസിക്കുന്നതെന്നും ഇവര്‍ പറയുന്നു.
തന്റെ ദുരവസ്ഥകള്‍ വിവരിച്ചപ്പോള്‍ പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു മോളി, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അവരെ ആശ്വസിപ്പിച്ചു.
മോളിയുടെ അനുഭവ കഥ വിവരിച്ച് വീണാ ജോര്‍ജ് ഈ വിവരങ്ങള്‍ സോഷ്യലല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.











