ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്
അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലെത്തുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ഉണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ലുലു ഗ്രൂപ് തയ്യാറായിട്ടില്ല. അതേസമയം, അടുത്തു തന്നെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍.
അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മലയാളിയായ എംഎ യൂസഫലിയാണ്.
500 കോടി യുഎസ് ഡോളറിന്റെ മൂല്യം കല്‍പ്പിച്ചിട്ടുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പിന്റേത്. ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണികളിലാകും ലുലുവിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, വിപണിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.
യുഎഇയിലും ഒമാന്‍, ഖത്തര്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ലുലു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, ഹോട്ടേല്‍ എന്നീ മേഖലകളിലും ലുലുവിന്റെ സാന്നിദ്ധ്യമുണ്ട്.












