റിയാദ് : ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്. ലബനാനിലെയും പശ്ചിമേഷ്യൻ മേഖലയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും അവക്കെതിരായ ശ്രമങ്ങളും ചർച്ച ചെയ്തു. സൗദിയും ലബനാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങൾ അവലോകനം ചെയ്തു. ബന്ധം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് ലബനാൻ പ്രസിഡന്റ് ലബനാൻ വിദേശകാര്യ മന്ത്രി യൂസുഫ് റജക്കൊപ്പം റിയാദിലെത്തിയത്.
ലബനാൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ജോസഫ് ഔണിന്റെ ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് റിയാദ് സന്ദർശിക്കുന്നത്. തന്റെ ആദ്യ ലക്ഷ്യസ്ഥാനം റിയാദായിരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ലബനാനെ പിന്തുണക്കുന്നതിലും സ്ഥിരത കൈവരിക്കുന്നതിലും സൗദി അറേബ്യയുടെ പങ്കിനെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ ആഴം ഊന്നിപ്പറഞ്ഞു. ലബനാനിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ സുരക്ഷക്കും സ്ഥിരമായ പ്രവർത്തനത്തിനും പിന്തുണ നൽകുന്നതിൽ സൗദിയുടെ പങ്ക് ലബനാൻ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.