
കൊച്ചി : റോഡ് നിർമാണത്തിൽ സ്വാഭാവിക റബർ ഉപയോഗം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി ഇൻവെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും. കുണ്ടന്നൂർ മുതൽ അങ്കമാലി വരെയുള്ള ദേശീയപാത ബൈപാസ് 6 വരി ആക്കാൻ 6,500 കോടി രൂപ അനുവദിച്ചു. 45 കിലോമീറ്റർ നീളുന്ന പാതയുടെ വികസനപ്രവർത്തനം 6 മാസത്തിനകം തുടങ്ങും. പാത പൂർത്തിയാകുന്നതോടെ യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് അര മണിക്കൂറായി ചുരുങ്ങും. 62.7 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് 5,000 കോടി രൂപ അനുവദിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പദ്ധതിയാണിത്. 4 മാസത്തിനകം നിർമാണം ആരംഭിക്കും. കൊല്ലം ജില്ലയിലും മലബാർ മേഖലയിലും വിവിധ റോഡ് വികസന പദ്ധതികൾക്കും തുക അനുവദിച്ചു. പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ 10,840 കോടിയുടെ പദ്ധതികൾ മൂന്നു മാസത്തിനകം തുടങ്ങും. കേരളത്തിൽ 20,000 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം 60,000 കോടി രൂപയുടെ പദ്ധതികളാണു നടന്നു വരുന്നതെന്നും പറഞ്ഞു.